ടെൽഅവീവ്: ഹമാസിനെതിരെ പൂർണമായും വിജയം നേടുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിനെതിരെ ഹമാസിന്റെ ആക്രമണം നടന്ന് ഒരു വർഷം പിന്നിടുന്ന വേളയിലാണെന്ന് നെതന്യാഹുവിന്റെ പ്രതികരണം. ” ഒരു വർഷം മുൻപ് ഈ രാജ്യം വലിയൊരു ആഘാതം നേരിട്ടു. എന്നാൽ കഴിഞ്ഞ 12 മാസം കൊണ്ട് യാഥാർത്ഥ്യത്തെ മാറ്റി മറിയ്‌ക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഹമാസ് തീവ്രവാദികളെ ഭൂമുഖത്ത് നിന്ന് പൂർണമായും തുടച്ചുനീക്കുമെന്നും” നെതന്യാഹു പറഞ്ഞു.
ഹമാസിന്റെ സൈനിക വിഭാഗത്തെ പൂർണമായും തകർക്കാൻ സാധിച്ചതായി സൈനിക മേധാവി ലെഫ്.ജനറൽ ഹെർസി ഹലേവി പറഞ്ഞു. പോരാട്ടത്തിന്റെ ഒന്നാം വാർഷിക ദിനമായ ഇന്ന് ഇസ്രായേൽ സൈന്യം ഗാസ അതിർത്തിയോട് ചേർന്നുള്ള ഇടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹമാസിനെതിരെ ഓപ്പറേഷൻ ശക്തമാക്കിയ പലയിടങ്ങളിൽ നിന്നും ഇസ്രായേൽ സൈന്യം പിൻവാങ്ങി തുടങ്ങിയിട്ടുണ്ട്. സെപ്തംബർ അവസാനം മുതൽ ഇസ്രായേലിന്റെ വടക്കൻ മേഖലയിലേക്കാണ് സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ലെബനൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ മേഖലയിൽ ഹിസ്ബുള്ള ഭീകരർക്കെതിരെയും ഇസ്രായേൽ സൈന്യം ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേലിനെതിരെ തുടർച്ചയായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രായേൽ പ്രതിരോധ സേന ശക്തമായി തിരിച്ചടിക്കാൻ ആരംഭിച്ചത്. ലെബനൻ അതിർത്തി മേഖലയിൽ തുടരുന്ന സൈനികരെ നെതന്യാഹു കഴിഞ്ഞ ദിവസം സന്ദർശിക്കുകയും ചെയ്തിരുന്നു.
അതേസമയം ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തെ പ്രകീർത്തിച്ച് ഹമാസ് രംഗത്തെത്തി. ഒക്ടോബർ ഏഴിന് നടത്തിയ കടന്നുകയറ്റം ശത്രുവിന്റെ മിഥ്യാധാരണകളെ തകർത്തുവെന്നും, ലോകത്തിന് മുൻപാകെ തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരമായിരുന്നുവെന്നുമാണ് ഹമാസ് അംഗമായ ഖലീൽ അൽ ഹയ്യ പറഞ്ഞത്. മഹത്തരമായ മുന്നേറ്റവും അഭിമാനാർഹമായ നേട്ടമാണെന്നും അൽ ഹയ്യ വിശേഷിപ്പിക്കുന്നു. ഗാസയും പാലസ്തീൻ ജനതയും ചെറുത്തുനിൽപ്പ് തുടരുകയാണെന്നും രക്തം കൊണ്ട് പുതിയ ചരിത്രം രചിക്കുകയാണെന്നും ഇയാൾ പറയുന്നു.