ന്യൂഡൽഹി: കറാച്ചി സ്‍ഫോടനം ലക്ഷ്യമിട്ടത് ഷാങ്‍ഹായ് സഹകരണ ഉച്ചകോടിയെന്ന് റിപ്പോർട്ട്. ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപത്താണ് സ്ഫോടനം നടന്നത്. SCO രാഷ്‌ട്രങ്ങളുടെ ഉച്ചകോടി ഈ മാസം 15നും 16നും പാകിസ്താനിൽ നടക്കാനിരിക്കെയാണ് സ്ഫോടനം.
വിമാനത്താവളത്തിന് പുറത്താണ് ആക്രമണം ഉണ്ടായത്. മൂന്നുപേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചൈനീസ് എൻജിനീയർമാരും കോൺട്രാക്ടർമാരും സഞ്ചരിച്ചിരുന്ന വ്യാഹനവ്യൂഹത്തിനടുത്ത് എണ്ണ ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. ഐഇഡി സ്ഫോടനമാണ് നടന്നതെന്ന് പാക് പൊലീസ് വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഉൾപ്പെടെ SCO സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സമ്മേളനത്തിനു മുന്നോടിയായി ഒരുക്കങ്ങൾ നടത്താൻ എത്തിയ ചൈനീസ് ഉദ്യോഗസ്ഥർ എന്ന് തെറ്റിദ്ധരിച്ചായിരിക്കാം ആക്രമണമെന്നും സൂചനകൾ പുറത്തുവരുന്നു. ഈ സാഹചര്യത്തിലാണ് SCO യോഗത്തിന് എത്തുന്ന പ്രമുഖർക്ക് നേരെയാണ് ആക്രമണം ഉണ്ടായതെന്ന സംശയം ഉദിക്കുന്നത്.
ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരെ കർശന നടപടികൾക്ക് വിധേയമാക്കണം. പാകിസ്താനിൽ നിരവധി അടിസ്ഥാനസൗകര്യ വികസനങ്ങൾ ചൈന നടത്തുന്നുണ്ട്. അത്തരം നയങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ പവർ കോർപ്പറേഷന്റെ ജീവനക്കാർക്ക് നേരെയാണ് ആക്രമണം നടന്നത്.