ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഫൈനലിന്റെ അന്തിമ ഫലത്തിൽ മാറ്റിമില്ല. കാരിച്ചാൽ തന്നെ ജേതാവെന്ന് ജൂറി ഓഫ് അപ്പീൽ കമ്മിറ്റി പ്രഖ്യാപിച്ചു. വിധി നിർണയത്തിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി.
വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ പരാതി കമ്മിറ്റി തള്ളി. നടുഭാഗം കുമരകം തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പരാതി നിലനിൽക്കില്ലെന്നും കമ്മിറ്റി അറിയിച്ചു. സ്റ്റാർട്ടിംഗിൽ പിഴവ് സംഭവിച്ചുവെന്നായിരുന്നു കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പരാതി.
ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ആയിരുന്നു വിജയിച്ചത്. 0.005 മൈക്രോ സെക്കൻഡിന്റെ വ്യത്യാസത്തിൽ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തുകയായിരുന്നു. വീയപുരമാണോ കാരിച്ചാലാണോ ആദ്യമെത്തിയതെന്ന കാര്യത്തിൽ കാണികൾക്ക് ഉൾപ്പടെ സംശയം തോന്നി. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു പരാതിയുമായി വീയപുരമെത്തിയത്.
സ്റ്റാർട്ടിംഗിൽ പിഴവ് സംഭവിച്ചതായി മൂന്നാം സ്ഥാനക്കാരായ നടുഭാഗം ചുണ്ടൻ തുഴഞ്ഞ സംഘവും പരാതിപ്പെട്ടു. ഇതോടെയാണ് അന്തിമഫലം പുനഃപരിശോധനയ്‌ക്ക് വിധേയമാക്കിയത്.















