കാസർകോട്: പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടുനൽകാത്തതിൽ മനംനൊന്ത് ഡ്രൈവർ ആത്മഹത്യ ചെയ്തു. കാസർകോട് സ്വദേശി അബ്ദുൽ സത്താറാണ് തൂങ്ങിമരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ പൊലീസ് സ്റ്റേഷന് മുന്നിൽ സമരം ആരംഭിച്ചു.
നെല്ലിക്കുന്ന് ജംഗ്ഷനിൽ ട്രാഫിക് തടസമുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് അബ്ദുൽ സത്താറിന്റെ ഓട്ടോ, പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓട്ടോ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് സത്താർ നിരവധി തവണ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയെങ്കിലും എസ്‌ഐ വിട്ട് നൽകിയില്ലെന്ന് മറ്റ് ഓട്ടോ തൊഴിലാളികൾ പറയുന്നു. ഇതിൽ മനംനൊന്താണ് സത്താർ ജീവനൊടുക്കിയതെന്നാണ് ആരോപണം.
റെയിൽവേ സ്റ്റേഷന് സമീപത്തെ താമസ സ്ഥലത്താണ് 55കാരനായ സത്താർ തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപായി ഓട്ടോറിക്ഷ, വിട്ടു നൽകാത്തതുമായി ബന്ധപ്പെട്ട കുറിപ്പും ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു. സംഭവത്തിൽ എസ്‌ഐക്കെതിരെ നടപടിയെടുക്കണമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ ആവശ്യം. പരാതി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.