ന്യൂഡൽഹി: എക്സിറ്റ് പോൾ സർവേയ്ക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. ജമ്മു കശ്മീരിലും ഹരിയാനയും ബിജെപി അധികാരത്തിലെത്തും എന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അനിൽ ആന്റണി പറഞ്ഞു. ഹരിയാനയിലെയും ജമ്മുകശ്മിരിലെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണൽ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഹരിയാനയിൽ മൂന്നാം തവണയും ഉജ്ജ്വല വിജയം കരസ്ഥമാക്കും. കഴിഞ്ഞ പത്ത് വർഷം ഹരിയാനയിൽ ഞങ്ങൾ ഭരിച്ചു. ഇനിയും ബിജെപി തന്നെ ഭരിക്കും. ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത് തന്നെ ചരിത്രമാണ്. കർഷക സമൂഹത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഞങ്ങൾ ചെയ്യുന്നുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ബിജെപി ലക്ഷ്യമിടുന്നത്. എക്സിറ്റ് പോളിനെ തള്ളികൊണ്ട് വലിയ വിജയമായിരിക്കും ബിജെപി നേടുക.
എക്സിറ്റ് പോളുകളിൽ നേരിയ വ്യത്യാസങ്ങൾ മാത്രമാണുള്ളത്. രാജസ്ഥാനിലെയും മദ്ധ്യപ്രദേശിലെയും എക്സിറ്റ് പോളുകൾ വന്നപ്പോഴും ഇത് തന്നെയാണ് പറഞ്ഞിരുന്നത്. കശ്മീരിൽ പണ്ടത്തെ പോലെ ഭീകരവാദ പ്രവർത്തനങ്ങളൊന്നും ഇന്നില്ല. പല രാജ്യങ്ങളിൽ നിന്നും നിരവധി നിക്ഷേപങ്ങൾ കശ്മീരിലേക്ക് വരുന്നുണ്ട്. ജമ്മു കശ്മീരിൽ ബിജെപിക്ക് മികച്ച വിജയം നേടാനാകുമെന്നും അനിൽ ആന്റണി പറഞ്ഞു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലസൂചനകൾ കോൺഗ്രസിന് അനുകൂലമായിരുന്നെങ്കിലും, പിന്നീട് ഇത് മാറിമറിയുകയായിരുന്നു. ഭൂരിഭാഗം സീറ്റുകളിലും ബിജെപി ഇപ്പോൾ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ആദ്യഘട്ട സൂചനകൾക്ക് പിന്നാലെ എഐസിസി ആസ്ഥാനത്ത് ഉൾപ്പെടെ വലിയ ആഘോഷ പരിപാടികൾക്ക് ആരംഭിച്ചിരുന്നു. എന്നാൽ സീറ്റ് നിലയിൽ പിന്നോട്ട് പോയതോടെ ആഘോഷം നിർത്തിവയ്‌ക്കാൻ നേതൃത്വം നിർദേശം നൽകുകയായിരുന്നു.















