ഇത്തവണ കാവിനിറമുള്ള ലഡു വാങ്ങി സ്റ്റോക്ക് വച്ചിരുന്നത് എഐസിസി ആസ്ഥാനത്തെ കോൺഗ്രസുകാരായിരുന്നു. എക്സിറ്റ് പോൾ ഫലം ബിജെപിക്ക് പ്രതികൂലമായതിനാൽ ആത്മവിശ്വാസത്തിന്റെ നെറുകയിലായിരുന്നു കോൺഗ്രസ്. ഹരിയാനയിൽ തിരിച്ചുവരവ് ഉറപ്പിച്ച INCക്ക് അക്ഷരാർത്ഥത്തിൽ കരണത്ത് അടികിട്ടിയ അവസ്ഥയായി. അത്രമേൽ അപ്രതീക്ഷിതമാവുകയാണ് ജനവിധി.
ഹരിയാനയിൽ ചരിത്രം കുറിച്ചുകൊണ്ട് ആദ്യമായി ബിജെപി സർക്കാർ അധികാരത്തിൽ വന്നത് 2014ലായിരുന്നു. പത്ത് വർഷം തുടർച്ചയായി ഭരണം. രണ്ട് തവണ ഒരേസർക്കാർ അധികാരത്തിലിരിക്കുമ്പോൾ സ്വാഭാവികമായും അടുത്ത അവസരം പ്രതിപക്ഷത്തിന് ലഭിക്കാനുള്ള സാധ്യതകളും സാഹചര്യങ്ങളും വന്നുചേരും. ഭരണവിരുദ്ധവികാരം ഒരു വിഭാഗം ജനങ്ങളിൽ അലയടിച്ചിട്ടുണ്ടാകാം. എക്സിറ്റ് പോൾ ഫലങ്ങളാകട്ടെ ബിജെപിക്ക് തിരിച്ചടി ഉറപ്പിക്കുന്നു. ഇതിലും മികച്ച അവസരം ഒരു പ്രതിപക്ഷത്തിനും ഇനി ലഭ്യമാകാൻ പോകുന്നില്ല. മുഖ്യമന്ത്രി പദം ഉറപ്പിച്ച് കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയും മുന്നോട്ട്. ഈ സാഹചര്യത്തിലായിരുന്നു ബിജെപിയെ പരിഹസിച്ച് കാവി ലഡുവുമായി എഐസിസി ആസ്ഥാനം സജ്ജമായിരുന്നത്. എന്നാൽ ജനവിധി ചതിച്ചു.
ഏറ്റവും മികച്ച സർക്കാരിന് മാത്രമേ തുടർച്ചയായി മൂന്നാമതും അധികാരം ഉറപ്പിക്കാൻ സാധിക്കൂവെന്നത് വ്യക്തം. എക്സിറ്റ് പോൾ ഫലം പ്രതികൂലമായപ്പോഴും ആത്മവിശ്വാസം കൈവിടാതെ നയാബ് സിംഗ് സൈനി തുടർന്നത് രാഷ്‌ട്രീയ നാടകത്തിന്റെ ഭാഗമായിട്ടായിരുന്നില്ല, മറിച്ച് കഴിഞ്ഞ പത്ത് വർഷം ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കി വികസനപ്രവർത്തനങ്ങൾക്ക് ജനം മാർക്ക് നൽകുമെന്ന ആത്മവിശ്വാസമായിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ പിന്തുണ നൽകി ഹരിയാന അനുഗ്രഹിക്കുമെന്ന പൂർണവിശ്വാസമായിരുന്നു സംസ്ഥാന സർക്കാരിന്. അത് സാധൂകരിക്കുന്ന ഫലങ്ങൾ ഉച്ചയോടെ ലഭിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ആകെയുള്ള 90 സീറ്റിൽ 49 ഇടത്തും ബിജെപി ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ലീഡ് നില തുടരുകയും ചെയ്യുന്നു. അധികാരം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 35 സീറ്റുകളിൽ മാത്രമാണ് ലീഡ്. അതായത് കേവലഭൂരിപക്ഷവും കടന്ന് മൂന്ന് സീറ്റുകൾ കൂടി ലീഡ് ചെയ്യുകയാണ് ബിജെപി. കഴിഞ്ഞതവണ ജെജെപിയുടെ പിന്തുണയോടെ ബിജെപി അധികാരത്തിൽ എത്തിയെങ്കിൽ ഇത്തവണ കേവലഭൂരിപക്ഷവും കടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുന്നതാണ് കാഴ്ച.
ഏഴ് എക്സിറ്റ് പോൾ ഫലങ്ങളിലും 55 സീറ്റുകളായിരുന്നു കോൺഗ്രസിന് പ്രവചിച്ചിരുന്നത്. സർവേ ഫലങ്ങളെ ഭിത്തിയിൽ തേച്ചൊട്ടിച്ച് ബിജെപി മുന്നേറുമ്പോൾ തുടർച്ചയായി മൂന്നാമതും അധികാരം ഉറപ്പിക്കുകയാണ് രാജ്യം ഭരിക്കുന്ന ഏറ്റവും വലിയ പാർട്ടി.