ന്യൂഡൽഹി: ജമ്മുകശ്മീരിലെ ആദ്യ ഫലം ബിജെപിക്ക് അനുകൂലം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ആദ്യം എണ്ണിക്കഴിഞ്ഞ സീറ്റ് ജമ്മുവിലെ ബസോഹ്ലിയാണ് (Basohli). ഇവിടെ ബിജെപി സ്ഥാനാർത്ഥി വിജയിച്ചതോടെ ജമ്മുകശ്മീരിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ് ഭാരതീയ ജനതാ പാർട്ടി.
ജമ്മുവിലെ കത്വ ജില്ലയിൽ സ്ഥിതിചെയ്യുന്ന മണ്ഡലമാണ് ബസോഹ്ലി. ഇവിടെ 16,034 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി ദർശൻ കുമാറിന്റെ വിജയം. കോൺഗ്രസിന്റെ ചൗധരി ലാൽ സിംഗിനെയാണ് അദ്ദേഹം തോൽപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥിയായിരുന്നു ചൗധരി ലാൽ സിംഗ്. ഉദ്ദംപൂർ ലോക്സഭാ സീറ്റിൽ നിന്ന് മത്സരിച്ച ലാൽ സിംഗിനെ ബിജെപിയുടെ ഡോ. ജിതേന്ദ്ര സിംഗായിരുന്നു പരാജയപ്പെടുത്തിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും നിയമസഭയിലേക്ക് ടിക്കറ്റ് നൽകുകയായിരുന്നു കോൺഗ്രസ്. എന്നാൽ അവിടെയും ബിജെപി സ്ഥാനാർത്ഥിക്ക് മുൻപിൽ പരാജയം സമ്മതിച്ചിരിക്കുകയാണ് ചൗധരി ലാൽ സിംഗ്.
ബസോഹ്ലി മണ്ഡലത്തിൽ ഐഎൻസിക്ക് വേണ്ടി ലാൽ സിംഗ് മത്സരിച്ചപ്പോൾ ബിഎസ്പിക്ക് വേണ്ടി പങ്കജ് കുമാറും പിഡിപിക്ക് വേണ്ടി യോഗീന്ദർ സിംഗും ജനവിധി തേടിയിരുന്നു.















