കൊച്ചി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ മലയാളം വാർത്താചാനലുകളെ ട്രോളി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എറണാകുളം മുനമ്പത്ത് വഖഫ് ബോർഡിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ ബിജെപി ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ടെണ്ണൽ തുടങ്ങിയതിന് പിന്നാലെ രാവിലെ ആദ്യ ട്രെൻഡുകളിൽ ഫലം കോൺഗ്രസിന് അനുകൂലമായപ്പോൾ ബിജെപി തകർന്നുവെന്നും വലിയ തിരിച്ചടിയായെന്നുമുളള തരത്തിലായിരുന്നു ചാനലുകൾ വാർത്ത നൽകിയത്. ഇതേക്കുറിച്ചായിരുന്നു കെ സുരേന്ദ്രന്റെ പരാമർശം.
രാവിലെ പല ചാനലുകളും കണ്ടപ്പോൾ എന്തൊരു പടക്കം പൊട്ടിക്കലായിരുന്നു. പടക്കം പൊട്ടിക്കലോട് പൊട്ടിക്കൽ ആയിരുന്നു. കർഷക സമരം, ഗുസ്തിക്കാരുടെ മത്സരം, ഒളിമ്പ്യനെ ഇറക്കി, മലപ്പുറം കത്തി… അങ്ങനെയായിരുന്നു. എന്നിട്ട് എന്തായി. മുഹബത്തിന്റെ കടയിൽ ലഡ്ഡു വിതരണം ചെയ്യുകയാണ്. മാദ്ധ്യമങ്ങളും അതിനൊപ്പമായിരുന്നു. വിനു വി ജോണിനെയും പ്രശാന്ത് രഘുവംശത്തെയും രണ്ട് ദിവസത്തേക്ക് ഒന്ന് ശ്രദ്ധിക്കണേ. കെട്ടിത്തൂങ്ങി ചാകുമോന്ന് അറിയില്ല. എന്തുമാത്രം സങ്കടമാണെന്ന് അറിയുമോ അവർക്ക്. ആത്മഹത്യ ചെയ്യുമോന്ന് പേടിയാ. മറ്റ് മാദ്ധ്യമപ്രവർത്തകരും ഇതിനൊപ്പമുണ്ടെന്നും എല്ലാവരുടെയും പേര് പറയുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
രാഹുൽ ഗാന്ധിയെ തിരിച്ചുകൊണ്ടുവരാൻ പോകുന്ന തെരഞ്ഞെടുപ്പാണ്. ഹിന്ദി ഹൃദയഭൂമിയിലാണ് എന്നൊക്കെ ആയിരുന്നു ചാനലുകൾ പറഞ്ഞത്. അതെ ഹിന്ദി ഹൃദയഭൂമിയിൽ തന്നെയാണ്. ഹരിയാന കുരുക്ഷേത്ര യുദ്ധം നടന്ന മണ്ണാണ്, നിങ്ങൾക്ക് കഴിയില്ല. പത്ത് വർഷം കഴിഞ്ഞ് പതിനഞ്ചാം വർഷത്തിലേക്ക് പോകുകയാണ് ഭാരതീയ ജനതാ പാർട്ടി. ഹിന്ദി ഹൃദയത്തിലല്ല ഈ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിലാണ് മോദിയും ബിജെപിയുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമൊക്കെ ഭരണം പോകുമെന്ന് പറഞ്ഞിട്ടും വലിയ ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തി. ലഡ്ഡു നമ്മളാണ് വിതരണം ചെയ്യുന്നത്. ബിജെപിയെ ജനഹൃദയങ്ങളിൽ നിന്ന് ഇറക്കാൻ ഒരു ഗൂഢാലോചനയ്‌ക്കും കഴിയില്ല. ഒരു മാസം കഴിയുമ്പോൾ പാലക്കാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് വരും. നിങ്ങൾ എഴുതി വച്ചോ, ഉപതെരഞ്ഞെടുപ്പിൽ കേരളത്തിൽ ജയിക്കാൻ പോകുന്നതും ബിജെപിയായിരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.