തിരുവനന്തപുരം: ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് നിർദേശവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. പൊതുജനങ്ങളോട് മാന്യമായി സംസാരിക്കണമെന്നും സഭ്യതയോടെ പെരുമാറണമെന്നും മന്ത്രി നിർദേശിച്ചു. ആർടിഒ ഓഫീസുകൾ സന്ദർശിച്ച് ഉദ്യോഗസ്ഥരുടെ പെരുമാറ്റം വിലയിരുത്തിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പല ആർടിഒ ഓഫീസുകളിലും ഇരിക്കുന്ന ഉദ്യോഗസ്ഥർ വളരെ മോശമായാണ് പൊതുജനങ്ങളോട് സംസാരിക്കുന്നത്. ഇത്തരത്തിൽ ഒരിക്കലും ജനങ്ങളോട് മോശമായി ആരും സംസാരിക്കരുത്. മര്യാദയോടെയും മാന്യതയോടെയും മാത്രം ജനങ്ങളോട് പെരുമാറുക. പാലക്കാട് ഒരു ആർടിഒ ഓഫീസിൽ പോയപ്പോൾ ലൈസൻസ് കിട്ടാൻ താമസിച്ചതിന്റെ സങ്കടം പറയുന്ന ഒരാളോട് ഞാൻ നിൽക്കുമ്പോൾ തന്നെ മോശമായാണ് ഉദ്യോഗസ്ഥൻ പെരുമാറിയത്.
അഞ്ച് ദിവസത്തിൽ കൂടുതൽ ഒരു ഫയലും തീർപ്പാക്കാതെ വയ്‌ക്കരുത്. ഇങ്ങനെയുണ്ടായാൽ കടുത്ത നടപടിയുണ്ടാകും. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണറുടെ കൃത്യമായ ഉത്തരവുള്ളതാണ്. ഓഫീസുകളിൽ വിജിലൻസിന്റെയും സ്ക്വാഡിന്റെയും പരിശോധന ഉണ്ടാകും. ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്നും ഗണേഷ് കുമാർ പറഞ്ഞു.















