കാസർകോട്: ജോലി വാഗ്ദാനം നൽകി 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഡിവൈഎഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പരാതി. കുമ്പള സ്വദേശിയും അദ്ധ്യാപികയുമായ സച്ചിത റൈക്കെതിരെയാണ് പരാതി. കുമ്പള കിദൂർ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
കാസർകോട് തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ‘ ഞാനൊരു അദ്ധ്യാപികയല്ലേ വിശ്വസിക്കൂ.. ചതിക്കില്ലെന്ന്’ പറഞ്ഞാണ് ഇവർ പരാതിക്കാരിയിൽ നിന്നും പണം തട്ടിയെടുത്തത്.
തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് മാനേജരാക്കാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് ഗഡുക്കളായാണ് പരാതിക്കാരി തുക നൽകിയത്. എന്നാൽ പിന്നീട് സച്ചിതയുടെ വിവരമില്ലാതായതോടെയാണ് കബളിപ്പിക്കപ്പെട്ടത് മനസിലായതെന്നും പരാതിക്കാരി പറഞ്ഞു.
മഞ്ചേശ്വരം ബാഡൂരിലെ സ്‌കൂൾ അദ്ധ്യാപികയാണ് സച്ചിതാ റൈ. ഇവർ മറ്റ് സ്ത്രീകളിൽ നിന്നും ഇത്തരത്തിൽ പണം തട്ടിയെടുത്തതായി പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.