തിരുവനന്തപുരം: കുട്ടികളുടെ യാത്രയ്‌ക്ക് നിയമങ്ങൾ കർശനമാക്കി ഗതാഗത കമ്മീഷണർ. സംസ്ഥാനത്ത് 14 വയസുവരെയുള്ള കുട്ടികൾക്ക് കാറുകളിൽ പ്രത്യേക സീറ്റ് നിർബന്ധമാക്കുന്നു. ഒന്നുമുതൽ നാല് വയസുവരെ പ്രായമുള്ള കുട്ടികൾക്ക് കാറിന്റെ പിൻസീറ്റിലും 4 മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് ഉയരത്തിന് അനുസരിച്ച് പ്രത്യേകം ഡിസൈൻ ചെയ്ത സീറ്റുകളുമാണ് ഏർപ്പെടുത്തുക.
ഇരുചക്രവാഹനങ്ങളിലെ യാത്രകൾക്കും നിയന്ത്രണങ്ങളുണ്ട്. ഇത്തരം യാത്രകളിൽ കുട്ടികളെ രക്ഷിതാക്കൾ ഒരു ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് അപകടം ഒഴിവാക്കാൻ സഹായിക്കുമെന്ന് ഗതാഗത കമ്മീഷണർ പറഞ്ഞു. കൂടാതെ 4 വയസിന് മുകളിലുള്ള കുട്ടികൾ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം.
ഇത് സംബന്ധിച്ച് ഒക്ടോബർ, നവംബർ മാസങ്ങളിൽ ജനങ്ങൾക്ക് പ്രചാരണവും മുന്നറിയിപ്പും നൽകും. നിയമങ്ങൾ പാലിക്കാത്തവരിൽ നിന്ന് ഡിസംബർ മുതൽ പിഴ ഈടാക്കി തുടങ്ങാനാണ് തീരുമാനം. കേന്ദ്ര വാഹനചട്ടം അനുസരിച്ചാണ് സംസ്ഥാനത്തും നിയമങ്ങൾ കർശനമാക്കുന്നത്.