ന്യൂയോർക്ക്: അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദിവസം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഫ്ഗാൻ പൗരൻ അറസ്റ്റിൽ. കഴിഞ്ഞ മൂന്ന് വർഷമായി ഒക്കലഹോമ സിറ്റിയിൽ താമസിക്കുന്ന നസീർ അഹമ്മദ് തൗഹദി എന്ന 27കാരനാണ് അറസ്റ്റിലായത്. 2021ൽ ഇമിഗ്രന്റ് വിസയിലാണ് തൗഹദി അമേരിക്കയിലെത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലിയായ ഇയാൾ അവരുടെ ആക്രമണരീതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആക്രമണം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് അറിയിച്ചു.
എകെ 47 റൈഫിളുകൾ വാങ്ങുന്നതിനായി എത്തിയപ്പോഴാണ് തൗഹദിയേയും, പ്രായപൂർത്തിയാകാത്ത മറ്റൊരാളേയും അറസ്റ്റ് ചെയ്യുന്നത്. രാജ്യതലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ ക്യാമറകൾ ആക്‌സസ് ചെയ്യുന്നത് എങ്ങനെയെന്നും, തോക്ക് കൈവശം വയ്‌ക്കാൻ ലൈസൻസ് ആവശ്യമില്ലാത്ത സംസ്ഥാനങ്ങൾ ഏതെന്നുമെല്ലാം ഇയാൾ ഓൺലൈനിൽ തിരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. വൈറ്റ്ഹൗസ് ഉൾപ്പെടെ പല തന്ത്രപ്രധാന മേഖലകളിലും ആക്രമണം നടത്തണമെന്ന ലക്ഷ്യത്തോടെ തൗഹദി സന്ദർശനം നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.
ജനക്കൂട്ടത്തെ ലക്ഷ്യം വച്ച് ആക്രമണം നടത്താനായിരുന്നു ലക്ഷ്യമിട്ടതെന്ന് തൗഹദി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ആക്രമണം നടത്തിയ ശേഷം താനും തന്നോടൊപ്പമുള്ളയാളും രക്തസാക്ഷികളായി മാറുമായിരുന്നുവെന്നും ഇയാൾ പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. അതേസമയം അമേരിക്കയുടെ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്താനുള്ള ഐഎസ് ഉൾപ്പെടെയുള്ള എല്ലാ ഭീകരസംഘടനകളുടേയും ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് യുഎസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലന്റ് പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ആക്രമിക്കാൻ പദ്ധതിയിടുന്നവരെ തിരിച്ചറിഞ്ഞ് നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.















