ടെൽഅവീവ്: ലെബനനിൽ ആക്രമണം തുടർന്നാൽ ഇസ്രായേലിന്റെ വടക്കൻ തുറമുഖ നഗരമായ ഹൈഫ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിലും ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള ഭീകരർ. കിര്യത് ഷമോണ, മെറ്റൂല എന്നിവിടങ്ങളിൽ റോക്കറ്റ് ആക്രമണം നടത്തിയതായും, വരും ദിവസങ്ങളിലും മേഖലയിൽ ആക്രമണം കടുപ്പിക്കുമെന്നും ഇവർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള ശക്തമായ റോക്കറ്റ് ആക്രമണമാണ് നടത്തുന്നത്.
ഹൈഫയിൽ ലെബനനിൽ നിന്നും മിസൈൽ ആക്രമണമുണ്ടായതായി ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിരുന്നു. ലെബനനിൽ കരയാക്രമണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തെക്കൻ ലെബനൻ അതിർത്തിയിലേക്ക് റിസർവ് സൈനികരുടെ ആദ്യഡിവിഷൻ എത്തിയിട്ടുണ്ട്. ഭീകരർ രഹസ്യതാവളങ്ങളായി ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ച ഇടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും സൈന്യം ആക്രമണം നടത്തുന്നത്.
കരയാക്രമണം നടത്തുന്ന കൂടുതൽ ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ആളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ സുഹൈൽ ഹുസൈനി ഉൾപ്പെടെയുള്ള ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചിരുന്നു. ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്‌സ്, ബജറ്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്നത് സുഹൈലാണ്. അതേസമയം വെടിനിർത്തൽ നടപ്പിലാക്കാൻ അന്താരാഷ്‌ട്ര തലത്തിൽ നടക്കുന്ന എല്ലാ ശ്രമങ്ങളേയും പിന്തുണയ്‌ക്കുമെന്ന് ഹിസ്ബുള്ള അറിയിച്ചിട്ടുണ്ട്.