മുംബൈ: ബോളിവുഡ് താരങ്ങളെ സന്ദർശിച്ച് മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു. പുതുമുഖ നടി സോനാക്ഷി സിൻഹ, ശിൽപ ഷെട്ടി, സൊഹൈൽ ഖാൻ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. മാലദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കണമെന്നും സിനിമാ ചിത്രീകരണത്തിനായി ദ്വീപ് രാഷ്‌ട്രം തെരഞ്ഞെടുക്കണമെന്നും അദ്ദേഹം അഭിനേതാക്കളോട് അഭ്യർത്ഥിച്ചു. കുടുംബത്തോടൊപ്പം മാലദ്വീപിലേക്ക് അവധി ആഘോഷിക്കാൻ എത്തണമെന്നും മുയിസും പറഞ്ഞു.
മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ടൂറിസം മേഖലയാണ്. ഈ വർഷം ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രിയെയും ഭാരതത്തെയും അപകീർത്തിപ്പെടുത്തി മൂന്ന് മാലദ്വീപ് മന്ത്രിമാർ പരാമർശം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ വിനോദ സഞ്ചാരികൾ ഒന്നടങ്കം മാലദ്വീപ് സന്ദർശനം ബഹിഷ്കരിച്ചിരുന്നു.
വിനോദസഞ്ചാരത്തെ പൂർണമായും ആശ്രയിക്കുന്ന ദ്വീപസമൂഹത്തിന് ഇത് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ഇതോടെ മാലദ്വീപ് വൻ സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിന് പിന്നാലെയാണ് ചൈനീസ് അനുകൂലിയായ പ്രസിഡൻ്റ് മുഹമ്മദ് മുയിസു അനുനയിപ്പിക്കാനായി ഇന്ത്യൻ സന്ദർശനത്തിനിറങ്ങിയത്. ഇതിന്റെ ഭാഗമായാണ് ബോളിവുഡ് താരങ്ങളുമായുള്ള കൂടിക്കാഴ്ച. നേരത്തെ മാലദ്വീപ് സന്ദർശനം ഒഴിവാക്കണമെന്ന് ഇന്ത്യൻ അഭിനേതാക്കൾ ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു.
വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് മുയിസുവിന്റെ ഇന്ത്യൻ സന്ദർശനം. പ്രതിസന്ധി മറികടക്കാൻ മാലദ്വീപിന് 6,300 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റഡാർ സംവിധാനങ്ങളും മറ്റ് ഉപകരണങ്ങളും മാലദ്വീപിന് വിതരണം ചെയ്യും. യുപിഐ സംവിധാനം,റുപേ കാർഡ് എന്നിവയും ദ്വീപ് രാജ്യത്ത് നടപ്പിലാക്കും. വ്യാപാരം, ഡിജിറ്റലൈസേഷൻ, ധനകാര്യം തുടങ്ങിയ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങളും സ്വീകരിച്ചിട്ടുണ്ട്.















