തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേർക്ക് ചോദ്യശരങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിആർ വിവാദത്തിൽ ആരുടെ വിശദീകരണമാണ് വിശ്വസിക്കേണ്ടതെന്നായിരുന്നു ഗവർണർ ഉന്നയിച്ച കാതലായ ചോദ്യം. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ദേശദ്രോഹ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയാണ് ചോദ്യമുനകളുമായി ഗവർണറെത്തിയത്.
ഹിന്ദു ദിനപത്രം പറഞ്ഞതാണോ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണോ സത്യമെന്ന് ഗവർണർ ചോദിച്ചു. പത്രം നൽകിത് തെറ്റായ വിവരമാണെങ്കിൽ എന്തുകൊണ്ട് ഹിന്ദുവിനെതിരെ കേസെടുത്തില്ലെന്നും അദ്ദേഹം ആരാഞ്ഞു. ദേശവിരുദ്ധ പ്രവർത്തനം നടന്നെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി തന്നെ അറിയിച്ചില്ലെന്നും ഗവർണർ ഉന്നയിച്ചു.
ദ ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായതോടെയായിരുന്നു ഇക്കാര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയത്. തുടർന്ന് ഗവർണറുടെ കത്തിലെ ആരോപണങ്ങളിൽ പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും മുഖ്യമന്ത്രി ബോധിപ്പിച്ചു. റിപ്പോർട്ട് ബോധപൂർവം വൈകിപ്പിച്ചിട്ടില്ല. ഗവർണർക്ക് തെറ്റിദ്ധാരണയാണ്. ദേശവിരുദ്ധ പ്രവർത്തനം സംബന്ധിച്ച് പ്രചരിച്ചത് താൻ പറയാത്ത കാര്യങ്ങളാണ്. ഒരു വാഗ്വാദത്തിന് ഇനിയില്ലെന്നും ഗവർണറോട് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് ആരെയാണ് വിശ്വസിക്കിക്കേണ്ടതെന്ന് ഗവർണർ ചോദിച്ചത്.