ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിന് ഇൻഡി സഖ്യത്തിൽ നിന്ന് ആദ്യ തിരിച്ചടി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. കോൺഗ്രസിന്റെ അമിത ആത്മവിശ്വാസത്തെ പരസ്യമായി പഴിച്ചാണ് പാർട്ടി തീരുമാനം എഎപി വക്താവ് പ്രിയങ്ക കക്കാർ അറിയിച്ചത്.
സഖ്യകക്ഷികൾക്ക് കോൺഗ്രസ് ഒരു വിലയും നൽകുന്നില്ലെന്ന് എഎപി ആരോപിച്ചു. ഹരിയാന തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം കോൺഗ്രസിന്റെ അമിത ആത്മവിശ്വാസത്തിന്റെ ഫലമാണെന്നും പ്രിയങ്ക കക്കാർ വിമർശിച്ചു. പത്ത് വർഷമായി കോൺഗ്രസിന് ഡൽഹി നിയമസഭയിൽ സീറ്റില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എഎപി മൂന്ന് സീറ്റുകൾ കോൺഗ്രസിന് നൽകി. പക്ഷെ ഹരിയാന തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളെ കൂടെക്കൂട്ടണമെന്ന് അവർക്ക് തോന്നിയില്ലെന്നും എഎപി വിമർശിച്ചു.
ഹരിയാനയിൽ സഖ്യമുണ്ടാക്കാനുളള ഇൻഡി ബ്ലോക്കിന്റെ എല്ലാ ശ്രമങ്ങളും തകിടം മറിച്ചത് കോൺഗ്രസ് ആണെന്ന് എഎപി ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും ഹരിയാനയിൽ എഎപിയും കോൺഗ്രസും ഒരുമിച്ചാണ് മത്സരിച്ചത്. പത്ത് സീറ്റുകളിൽ അഞ്ചെണ്ണത്തിൽ വിജയിക്കുകയും ചെയ്തിരുന്നതായി പ്രിയങ്ക ചൂണ്ടിക്കാട്ടി.
ഹരിയാന നിയമസഭയിൽ തനിച്ച് മത്സരിച്ച ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല. ബിജെപി 48 സീറ്റുകളുമായി മൂന്നാംതവണയും അധികാരത്തിലേറിയപ്പോൾ കോൺഗ്രസ് 37 സീറ്റുകളിൽ ഒതുങ്ങി. എഎപിക്ക് വോട്ട് ബാങ്കുളള സംസ്ഥാനമെന്നാണ്
ഹരിയാനയെ പാർട്ടി വിലയിരുത്തിയിരുന്നത്. ഒരു സീറ്റ് പോലും നേടാൻ കഴിയാതെ വന്നത് പാർട്ടിക്ക് നാണക്കേടായി മാറുകയും ചെയ്തിരുന്നു.
സീറ്റ് വിഭജനത്തെച്ചൊല്ലിയാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- എഎപി സഖ്യചർച്ചകൾ പാളിയത്. 10 സീറ്റുകളെങ്കിലും വേണമെന്ന നിലപാടിലായിരുന്നു എഎപി. എന്നാൽ അഞ്ച് സീറ്റുകൾ നൽകാമെന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. ഇക്കുറി ഭരണം പിടിക്കാനാകുമെന്ന് വിശ്വസിച്ചിരുന്ന ഭൂപീന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിലുളള കോൺഗ്രസ് നേതാക്കൾ എഎപിയുമായുളള സഖ്യത്തെ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു.