കൊല്ലം: ഇതര സംസ്ഥാന കോളേജുകളില്‍ അഡ്മിഷന്‍ വാങ്ങി നൽകാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയില്‍. കൊല്ലം കുന്നിക്കോട് സ്വദേശി ശ്യാംകുമാറിനെയാണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കോളര്‍ഷിപ്പോടെ dഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പേരിൽ വ്യക്തിഗത വായ്പ എടുത്തായിരുന്നു തട്ടിപ്പ് നടത്തിയത്. കൊല്ലത്തെ വിവിധ മേഖലകളിലുള്ള വിദ്യാർത്ഥികളെയും മാതാപിതാക്കളെയും പറഞ്ഞു വിശ്വസിപ്പിച്ച് വൻ തുക കൈക്കലാക്കി.
എന്നാൽ പണം നൽകിയവർ പിന്നീടാണ് തട്ടിപ്പിനിരയായി എന്ന് മനസിലാക്കുന്നത്. ഓരോരുത്തരുടെ പേരിലും 5 ലക്ഷത്തോളം രൂപയാണ് വായ്പയെടുത്തത്. തുടർന്ന് ശ്യാമിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രക്ഷിതാക്കൾ പരാതി നൽകി. ചാത്തന്നൂര്‍, കൊട്ടിയം, പരവൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ഒളിവിലായിരുന്ന പ്രതിക്കായി നിരവധി തവണ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം മാറനല്ലൂരില്‍ നിന്നും പ്രതി പൊലീസിന്റെ വലയിലാവുകയായിരുന്നു. ശ്യാം കുമാറിനെതിരെ വിവിധയിടങ്ങളിൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.















