മുംബൈ: ടാറ്റയുടെ മുൻ അമരക്കാരന് യാത്രാമൊഴി നൽകുകയാണ് ഭാരതം. രാജ്യത്തിന്റെ സർവകോണിൽ നിന്നും അനുശോചന സന്ദേശങ്ങൾ ഒഴുകുകയാണ്. രാഷ്‌ട്രീയ പ്രമുഖർ മുതൽ സെലിബ്രിറ്റികളും വ്യവസായികളും വരെ രത്തൻ ടാറ്റയെ അനുസ്മരിച്ച് കുറിപ്പുകൾ പങ്കുവച്ചു. ഭാരതത്തിന് രത്തൻ ടാറ്റ നൽകിയ സേവനങ്ങൾക്ക് നന്ദി പറയുകയാണ് ഓരോ പൗരനും. തീർത്തും വികാരനിർഭരമായ കുറിപ്പാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനി പങ്കുവച്ചിരിക്കുന്നത്. തന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ച, പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ട വേദന അദ്ദേഹം എക്സിൽ കുറിച്ചതിങ്ങനെ..
“ഇന്ത്യക്ക് തീരാദുഃഖം സമ്മാനിച്ച ദിവസമാണിന്ന്.. രത്തൻ ടാറ്റയുടെ വിയോഗം വലിയൊരു നഷ്ടമാണ്. കേവലം ടാറ്റ ഗ്രൂപ്പിന് മാത്രമുണ്ടാകുന്ന നഷ്ടമല്ല, ഓരോ ഇന്ത്യക്കാരന്റെയും നഷ്ടം..
വ്യക്തിപരമായി പറയുകയാണെങ്കിൽ രത്തൻ ടാറ്റയുടെ വേർപാട് എനിക്കുണ്ടാക്കിയ ദുഃഖം, എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടതിന് തുല്യമാണ്.. അദ്ദേഹവുമായി ഓരോ തവണ ഇടപഴകിയപ്പോഴും അദ്ദേഹത്തിന്റെ മാനുഷിക മൂല്യങ്ങൾ എന്നിൽ പ്രചോദനവും ഉന്മേഷവും നിറച്ചിരുന്നു.
സമൂഹത്തിന്റെ നന്മയ്‌ക്കായി പരിശ്രമിച്ച ദീർഘവീക്ഷണമുള്ള വ്യവസായിയും മനുഷ്യസ്‌നേഹിയുമായിരുന്നു രത്തൻ ടാറ്റ. അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതോടെ ഇന്ത്യക്ക് അവളുടെ ഏറ്റവും പ്രഗത്ഭനായ, ദയാലുവായ മകനെയാണ് നഷ്ടമായിരിക്കുന്നത്.. കാരണം അദ്ദേഹം ഇന്ത്യയെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ വ്യക്തിയാണ്.. ലോകത്തിലെ ഏറ്റവും മികച്ചതിനെ ഭാരതത്തിലേക്ക് എത്തിച്ച മനുഷ്യനാണ്..
അദ്ദേഹം ടാറ്റ കുടുംബത്തെ സ്ഥാപനവത്കരിച്ചു.. 1991-ൽ ചെയർമാനായി ചുമതലയേറ്റ ശേഷം ടാറ്റ ഗ്രൂപ്പിനെ അന്താരാഷ്‌ട്ര സംരംഭമായി വളർത്തിയെടുക്കുന്നതിൽ സമാനതകളില്ലാത്ത പ്രാധാന്യം വഹിച്ചു.
റിലയൻസിനും നിതയ്‌ക്കും അബാനി കുടുംബത്തിനും വേണ്ടി ടാറ്റ കുടുംബത്തിലെ ഓരോരുത്തർക്കും ടാറ്റ ഗ്രൂപ്പിന് മുഴുവനുമായി ഞാൻ അനുശോചനം അറിയിക്കുകയാണ്..
രത്തൻ.. നിങ്ങൾ എന്നും എന്റെ ഹൃദയത്തിലുണ്ടാകും.. ഓംശാന്തി..”
മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്നതിനിടെ രാത്രി 11.30-ടെയായിരുന്നു രത്തൻ ടാറ്റയുടെ മരണം. ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് 21 വർഷം സേവനമനുഷ്ഠിച്ച രത്തൻ ടാറ്റ രാജ്യത്തിന് നൽകിയ നിസ്തുലമായ സേവനങ്ങൾക്ക് നന്ദി പറയുകയാണ് ഇപ്പോൾ ഓരോ ഭാരതീയരും..