കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയ സ്വകാര്യ ബസിലെ കണ്ടക്ടർ പിടിയിൽ. ബേപ്പൂർ സ്വദേശി ബിജുവാണ് പിടിയിലായത്. ഇയാളിൽ നിന്ന് 30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി- ഫറോക്ക് കോളേജ് റൂട്ടിൽ ഓടുന്ന ബസിലെ കണ്ടക്ടറാണ് ബിജു.
ഫറോക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് വൻ വിലയ്ക്കായിരുന്നു ഇയാൾ വിറ്റിരുന്നത്.
ഫറോക് എസ്ഐ ആർഎസ് വിനയൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ പിസി സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രാമനാട്ടുകരയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.