ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇന്ത്യയിൽ നിന്നുള്ള ഒരു പ്രിയപ്പെട്ട സുഹൃത്തിനെയാണ് ഫ്രാൻസിന് നഷ്ടമായതെന്ന് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളെ എല്ലാക്കാലവും ബഹുമാനത്തോടെ ഓർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
” രത്തൻ ടാറ്റയുടെ നേതൃത്വം ഇന്ത്യയിലും ഫ്രാൻസിലും നിരവധി ഉത്പാദന-നവീകരണ മേഖലകളിലുള്ള വ്യവസായങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ കൈമാറുന്നതായിരുന്നു. അതിനപ്പുറം അദ്ദേഹത്തിന്റെ പൈതൃകം ജീവകാരുണ്യ പ്രവർത്തനങ്ങളും വിനയത്താലും അടയാളപ്പെടുത്തും. രത്തൻ ടാറ്റയ്‌ക്കും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്കും ഇന്ത്യയിലെ ഓരോ വ്യക്തികളേയും അനുശോചനം അറിയിക്കുകയാണ്. സമൂഹത്തിന് വേണ്ടി അദ്ദേഹം നടത്തിയ ഓരോ പ്രവർത്തനങ്ങളേയും ആദരവോടെ മാത്രം ഓർമിക്കുമെന്നും” ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് മുംബൈയിലെ വർളി ശ്മശാനത്തിലാണ് പൂർണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നടന്നത്. രത്തൻ ടാറ്റയുടെ വിയോഗത്തിൽ നിരവധി നേതാക്കളാണ് വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ആദരമർപ്പിച്ചത്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്ന അദ്ദേഹം, തന്റെ സമ്പത്തിന്റെ 65 ശതമാനത്തിലധികം ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് നീക്കിവച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങീ വ്യത്യസ്ത മേഖലകളിലായി ദശലക്ഷക്കണക്കിന് ആളുകൾക്കാണ് അദ്ദേഹം സഹായങ്ങൾ നൽകിയത്. ടാറ്റ ട്രസ്റ്റിലൂടെ സമ്പത്തിന്റെ പകുതിയും സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്കായി നീക്കിവച്ചു. രത്തൻ ടാറ്റ എല്ലാക്കാലവും ഒരു വലിയ മാതൃക തന്നെയാണെന്നും നേതാക്കൾ അനുസ്മരിച്ചു.