ധാക്ക: ബംഗ്ലാദേശിലെ സത്ഖിരയിൽ ശ്യാംനഗറിലുള്ള ജശോരേശ്വരി ക്ഷേത്രത്തിൽ നിന്ന് കാളീദേവിയുടെ പ്രതിഷ്ഠയിലെ കിരീടം മോഷണം പോയതായി റിപ്പോർട്ട്. 2021 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയ സമയത്ത് സമർപ്പിച്ചതാണ് ഈ കിരീടം. സ്വർണവും വെള്ളിയും ഉപയോഗിച്ച് നിർമ്മിച്ച കിരീടമാണിത്.
ഇന്നലെ ഉച്ചയ്‌ക്ക് 2 മണിക്കും 2.30നും ഇടയിലാണ് മോഷണം നടന്നത്. ഈ സമയത്താണ് പൂജാരിയായ ദിലീപ് മുഖർജി പൂജകൾ പൂർത്തിയാക്കി മടങ്ങിയത്. മോഷ്ടാവിനെ തിരിച്ചറിയുന്നതിനായി ക്ഷേത്രത്തിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി വരികയാണെന്ന് ശ്യാംനഗർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ തൈജുൽ ഇസ്ലാം പറഞ്ഞു. ഹിന്ദു വിശ്വാസമനുസരിച്ച് ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി സ്ഥിതി ചെയ്യുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം. ജെഷോറിന്റെ ദേവി എന്നാണ് ജശോരേശ്വരിയുടെ അർത്ഥം.
കൊറോണ മഹാമാരിയുടെ വ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ വിദേശസന്ദർശനം കൂടിയായിരുന്നു ഇത്. 2021 മാർച്ച് 27ന് ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് അനാരി എന്ന ബ്രാഹ്‌മണനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. പതിമൂന്നാം നൂറ്റാണ്ടിൽ ലക്ഷ്മൺ സെൻ ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും, പതിനാറാം നൂറ്റാണ്ടിൽ രാജ പ്രതാപാദിത്യ ക്ഷേത്രം പുനർനിർമിക്കുകയും ചെയ്തു.















