ന്യൂഡൽഹി: കരസേനയിലേക്ക് 1,500 ലോഞ്ചറുകളും സിമുലേറ്ററുകളും ഉൾപ്പെടെ 20,000 ലധികം പുതുതലമുറ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകൾ (ATGMs) വാങ്ങാൻ പ്രതിരോധ മന്ത്രാലയം. ഇതിനായുള്ള വിവരാവകാശ അപേക്ഷയാണ് (RTF) സമർപ്പിച്ചിരിക്കുന്നത്. ശത്രുസൈന്യത്തിന്റെ ടാങ്കുകളെയും മറ്റ് കവചിത വാഹനങ്ങളെയും ലക്ഷ്യമിടാനും ഫലപ്രദമായി നശിപ്പിക്കാനുമുള്ള കരസേനയുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വാങ്ങുന്നതിൽ 60% എങ്കിലും തദ്ദേശീയമായി നിർമിച്ചവയായിരിക്കണമെന്ന ‘ഇന്ത്യൻ-IDDM ‘ വിഭാഗത്തിന് കീഴിലാണ് മിസൈലുകളുടെ സംഭരണം ലക്ഷ്യമിടുന്നതെന്ന് പ്രതിരോധമന്ത്രാലയം പറഞ്ഞു. ഇത് ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന ആയുധങ്ങൾക്കും ഉപകരണങ്ങൾക്കും മുൻഗണന നൽകുന്നു.
സമതലങ്ങൾ, മരുഭൂമികൾ, 5,500 മീറ്റർ (18,000 അടി) വരെ ഉയരമുള്ള പ്രദേശങ്ങൾ, തീരപ്രദേശങ്ങൾ, ദ്വീപുകൾ എന്നിവയുൾപ്പെടെ വിവിധ ഭൂപ്രദേശങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളാണ് സേന ലക്ഷ്യമിടുന്നത്. ഇവ പടിഞ്ഞാറൻ പാകിസ്താന്റെ അതിർത്തിയിലും ചൈനയുമായുള്ള വടക്കൻ അതിർത്തിയിലും വിന്യസിക്കും. പുതിയ തലമുറ മിസൈലുകൾ മഴ, മൂടൽമഞ്ഞ്, ഈർപ്പം, പൊടി തുടങ്ങിയ വിവിധ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നവയായിരിക്കും. മാത്രമല്ല -45°C മുതൽ 45°C വരെയുള്ള തീവ്ര താപനിലകളിലും ഇവ പ്രവർത്തനക്ഷമമായിരിക്കും.
ശത്രു ടാങ്കുകൾ, കവചിത വാഹനങ്ങൾ, യുദ്ധ വാഹനങ്ങൾ, താഴ്ന്ന പറക്കുന്ന ഹെലികോപ്റ്ററുകൾ, കോൺക്രീറ്റ് നിർമ്മിതികൾ, മറ്റ് ആയുധ പ്ലാറ്റ്‌ഫോമുകൾ നശിപ്പിക്കാൻ ATGM-കൾക്ക് കഴിയണമെന്നും വിവരാവകാശ അപേക്ഷയിലെ സർവീസ് ക്വാളിറ്റി ആവശ്യകതകളിൽ പറയുന്നു.
മോഡുലാർ ഡിസൈനും ആവശ്യകതകളിൽ ഉൾപ്പെടുന്നു. ഇതിലൂടെ ഘടനാപരമായി വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ ലളിതമായ പരിഷ്‌ക്കരണങ്ങളിലൂടെ ഭാവിയിലെ നവീകരണങ്ങൾക്കായി ഇത് നൽകാം. ആധുനിക യുദ്ധ സാഹചര്യങ്ങളിൽ സൈന്യത്തിന്റെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ സംരംഭംകൊണ്ട് ലക്ഷ്യമിടുന്നത്.