ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സൗരഭ് ചന്ദ്രകാർ പിടിയിൽ. കഴിഞ്ഞ ദിവസം ദുബായിയിൽ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് (ഇഡി) പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സൗരഭ് ചന്ദ്രകാർ അനധികൃത വാതുവെപ്പ്, ചൂതാട്ട വെബ്‌സൈറ്റുകൾ എന്നിവയിലൂടെ ജനങ്ങളെ കബളിപ്പിച്ച് 5,000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം.
ചന്ദ്രകാറിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി ഇഡി വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള പാനൽ ഓപ്പറേറ്റർമാരുടെ ശൃംഖലയിലൂടെയാണ് മഹാദേവ് ആപ്പ് പ്രവർത്തിച്ചിരുന്നത്. അനധികൃത വാതുവെപ്പിലൂടെ പ്രതി കള്ളപ്പണം വെളുപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ ഡി- കമ്പനിയുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് സംശയം. മഹാദേവ് ആപ്പിനെതിരെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
യുഎഇയിലെ ഹെഡ് ഓഫീസ് കേന്ദ്രീകരിച്ചാണ് മഹാദേവ് ഓൺലൈൻ ബുക്ക് ആപ്പ് പ്രവർത്തിക്കുന്നതെന്ന് ഇഡിയുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ആപ്പിന്റെ മറ്റൊരു പ്രമോട്ടറായ രവി ഉപ്പലിനെതിരെയും ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ദുബായിയിൽ വച്ച് ഇയാൾ അറസ്റ്റിലായി.
ബെറ്റിംഗ് ആപ്പിന്റെ മറവിൽ ഹവാല ഇടപാടുകളാണ് നടന്നതെന്നും ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം മഹാദേവ് ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട 417 കോടി രൂപയുടെ സ്വത്തുവകകൾ ഇഡി പിടിച്ചെടുക്കുകയും മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ഉൾപ്പെടെയുളളവർ വൻതോതിൽ പണം കൈപ്പറ്റിയിരുന്നതായും നേരത്തെ ആരോപണം ഉയർന്നിരുന്നു.