മുംബൈ: രത്തൻ ടാറ്റയുടെ പിൻഗാമിയായി അർദ്ധ സഹോദരൻ നോയൽ ടാറ്റയെ തെരഞ്ഞെടുത്തു. മുംബൈയിൽ നടന്ന ബോർഡ് യോഗത്തിലാണ് തീരുമാനം.
നിലവിൽ ടാറ്റ സ്റ്റീലിന്റെയും വാച്ച് കമ്പനിയായ ടൈറ്റന്റെയും വൈസ് ചെയർമാനാണ് നോയൽ ടാറ്റ. രത്തൻ ടാറ്റയുടെ രണ്ടാനമ്മ സിമോൺ ടാറ്റയുടെ പുത്രനാണ് അദ്ദേഹം. 2000-കളുടെ തുടക്കത്തിലാണ് നോയൽ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാകുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി കമ്പനിയുടെ വളർച്ചയിൽ പങ്കാളിയാണ് അദ്ദേഹം.
രത്തൻ ടാറ്റ ട്രസ്റ്റിന്റെയും ഡൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും യോഗത്തിന് ശേഷമാണ് അദ്ദേഹത്തെ ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായി നിയമിച്ചത്. ടാറ്റ ട്രസ്റ്റിന്റെ കുടക്കീഴിലുള്ള സ്ഥാപനങ്ങളാണ് ഇവ രണ്ടും. ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിൽ ടാറ്റ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. പത്ത് ലക്ഷത്തിലധികം പേരാണ് ടാറ്റയുടെ കമ്പനികളിൽ ജോലി ചെയ്യുന്നത്.