തിരുവനന്തപുരം: റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. അഞ്ച് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലത്ത് വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കരവാരം തോട്ടയ്‌ക്കാട് മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്.
വീട്ടിലെ കുട്ടികളായിരുന്നു കുഞ്ഞിന് റംബൂട്ടാൻ നൽകിയത്. തൊലി കളഞ്ഞ് വായിൽ വച്ചുനൽകുകയായിരുന്നു. ഇതോടെ കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് തൊണ്ടയിൽ കുടുങ്ങിയ റംബൂട്ടാൻ പുറത്തെടുത്തു. പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച പുലർച്ചെയോട് മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.