എറണാകുളം: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതി വിധി പറയുന്നത്. അതിജീവിത നല്‍കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറയുക.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വിഷയം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നും അതിജീവിത ഹർജിയിൽ പറയുന്നു.
അതിജീവിതയുടെ ഹർജിയിൽ കഴിഞ്ഞ മാസം വാദം പൂർത്തിയായിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതി തിങ്കളാഴ്ച വിധി പറയുന്നത്. ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ടിൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്നും മെമ്മറി കാർഡ് അനധികൃതമായി പലതവണ പരിശോധിച്ചിട്ടുണ്ടെന്നും അതിജീവിത പറയുന്നുണ്ട്.
മെമ്മറി കാർഡ് പരിശോധിച്ചവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കടുത്ത നിയമലംഘനം ഉണ്ടായിട്ടും കൃത്യമായ ഒരു നടപടി ഉണ്ടായില്ലെന്നും അതിജീവിത ഹർജിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, വിഷയം ഉന്നത ഉദ്യോഗസ്ഥന് വിടുന്നതിൽ എട്ടാം പ്രതിയായ ദിലീപ് കോടതിയിൽ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.















