തിരുവനന്തപുരം: പി വി അൻവറിനെ നായകനാക്കി പല നാടകങ്ങളും നടന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അരങ്ങേറിയ നാടകങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവീണെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളത്തിൽ പറഞ്ഞു.
അൻവർ വിളിച്ചുകൂട്ടിയ യോഗത്തിൽ ജമാഅത്ത് ഇസ്ലാമികൾ, ലീഗ്, കോൺഗ്രസ് പ്രവർത്തകർ മാത്രമാണ് പങ്കെടുത്തത്. ആർഎസ്എസ് -എഡിജിപി കൂടിക്കാഴ്ചയിൽ ജമാഅത്ത് ഇസ്ലാമികളാണ് വ്യാജ പ്രചരണം നടത്തുന്നത്.
അന്വേഷണ റിപ്പോർട്ട് ലഭിച്ച് മണിക്കൂറുകൾക്കകം എഡിജിപി അജിത് കുമാറിനെ ക്രമസമാധന ചുമതലയിൽ നിന്ന് മാറ്റി. വിഷയത്തിൽ വിജിലൻസിന്റെ അന്വേഷണവും നടക്കുകയാണ്. സ്ഥാനമാറ്റത്തോടെ ഒന്നും അവസാനിക്കില്ല. കൂടുതൽ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കും.
നിയമസഭയിൽ പുഷ്പനെ പരാമർശിച്ച എംഎൽഎ മാത്യു കുഴൽനാടനെതിരെയും ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. കുഴൽനാടൻ ഇനിയും കുറച്ച് ചരിത്രം പഠിക്കണം. പുഷ്പനെ അപമാനിക്കുന്ന നിലപാടാണ് മാത്യു കുഴൽനാടന്റെ ഭാഗത്ത് നിന്നുണ്ടായത്. സ്വർണക്കടത്ത് കേസിൽ ലീഗ് നേതാക്കൾ ഉൾപ്പെടുന്നുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അപകീർത്തിപരമായ പരാമർശമാണ് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയത്. മലപ്പുറം വിഷയത്തിൽ ഗവർണർ തെറ്റായ പ്രചരണങ്ങൾ നടത്തുന്നുവെന്നും അദ്ദേഹം ഒരു കെയർടേക്കർ ആണെന്നുമായിരുന്നു ഗോവിന്ദന്റെ പരാമർശം.















