അബുദബി: പ്രവാസലോകത്ത് നവരാത്രി മഹോത്സവമൊരുക്കി ജനം ടി.വി. അബുദാബി ബി.എ.പി.എസ് ഹിന്ദു ക്ഷേത്രത്തിൽ വിപുലമായ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ ആഘോഷങ്ങളുടെ ഭാഗമാകും.
അബുദാബി ബി.എ.പി.എസ് ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്നതിന് ശേഷമുള്ള ആദ്യ നവരാത്രി ദിനങ്ങളാണ് ഇത്തവണത്തേത്. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി 12ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുക്കും. ഗ്രന്ഥങ്ങളും പുസ്തകങ്ങളും പൂജ വയ്‌ക്കുന്ന ചടങ്ങിൽ സുരേഷ് ഗോപി സംബന്ധിക്കുമെന്ന് ജനം ടിവി ഏക്‌സ്‌ക്യൂട്ടിവ് ചെയർമാൻ ജി സുരേഷ് കുമാർ പറഞ്ഞു. അബുദാബിയിൽ ഹിന്ദു ക്ഷേത്രം വന്നതിന് ശേഷം ആദ്യമായിട്ടാണ് ജനം ടിവി അവിടെ പരിപാടി സംഘടിപ്പിക്കുന്നതെന്നും ഇതൊരു തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
13ന് വിജയദശമി ദിനത്തിൽ രാവിലെ വാഗ്‌ദേവതയുടെ വരദാനം ഏറ്റുവാങ്ങാൻ നിരവധി കുരുന്നുകളെത്തും. മുൻ പ്രതിരോധ സെക്രട്ടറി മോഹൻ കുമാർ ഐഎഎസ്, ജനം ടിവി ഏക്‌സ്‌ക്യൂട്ടിവ് ചെയർമാനും സിനിമാ നിർമ്മാതാവും നടനുമായ ജി സുരേഷ് കുമാർ, ചലച്ചിത്രതാരം മേനക സുരേഷ് എന്നിവർ കുട്ടികളുടെ എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് ആചാര്യസ്ഥാനം അലങ്കരിക്കും.
ജനം ടിവി വഴി രജിസ്റ്റർ ചെയ്ത കുട്ടികളും സമർപ്പണം സംഘനയുടെ നേതൃത്വത്തിൽ എത്തുന്ന കുട്ടികളും എഴുത്തിനിരുത്തൽ ക്ഷേത്രാങ്കണത്തിൽ ആദ്യാക്ഷരം കുറിക്കും. രാവിലെ ആറ് മണി മുതലാണ് വിജയദശമി ദിനത്തിലെ ചടങ്ങുകൾ നടക്കുക.