തിരുച്ചിറപ്പള്ളി: സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളം സമയം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഡിജിസിഎ. എയർ ഇന്ത്യയും വിമാനത്താവള അധികൃതരും വിശദീകരണം നൽകണമെന്നാണ് നിർദേശം. ലാൻഡിങ് ഗിയറിൽ് പ്രശ്നങ്ങൾ കണ്ടെത്തിയതോടെയാണ്, മുൻകരുതലായി ട്രിച്ചിയിൽ തന്നെ തിരിച്ചിറക്കാൻ തീരുമാനിച്ചത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് 140 പേരുമായി പറന്നുയർന്ന ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്.
സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിനായി മുൻകരുതലെന്ന നിലയിൽ ഇന്ധനത്തിന്റെ അളവ് കുറയ്‌ക്കേണ്ടതുണ്ട് അത്യാവശ്യമായിരുന്നുവെന്നും, അതിനാലാണ് പ്രദേശത്ത് വട്ടമിട്ട് പറന്നതെന്നും എയർഇന്ത്യ ഇന്നലെ അറിയിച്ചിരുന്നു. ഇത്തരത്തിൽ സാങ്കേതിക തകരാർ സംഭവിച്ചത് എപ്രകാരമാണെന്നാണ് പ്രധാനമായും ഡിജിസിഎ പരിശോധിക്കുന്നത്. അട്ടിമറി ശ്രമം നടന്നിട്ടുണ്ടോ എന്നതടക്കം അന്വേഷണ വിധേയമാക്കും. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. എയർ ഇന്ത്യയും ഈ പ്രശ്‌നത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷയ്‌ക്ക് മുൻകരുതൽ നൽകാനുള്ള പ്രതിബദ്ധത ആവർത്തിക്കുമെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ വ്യോമയാന മന്ത്രാലയവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
4400 അടി ഉയരത്തിലാണ് ഏകദേശം രണ്ടര മണിക്കൂറോളം സമയം വിമാനം തുടർച്ചയായി വട്ടമിട്ട് പറന്നത്. വൈകിട്ട് 5.43നാണ് വിമാനം ടേക്ക്ഓഫ് ചെയ്തത്. തൊട്ടുപിന്നാലെ തന്നെ തകരാർ കണ്ടെത്തിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. രാത്രി 8.15ഓടെയാണ് വിമാനം ഇവിടെ തന്നെ തിരിച്ചിറക്കിയത്. രാത്രി 8.20ഓടെ ഷാർജയിൽ എത്തേണ്ട വിമാനമായിരുന്നു ഇത്. സംഭവത്തിന് പിന്നാലെ ട്രിച്ചി വിമാനത്താവളത്തിലും അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. 20ഓളം ആംബുലൻസുകളും 18 ഫയർ എഞ്ചിനുകളുമാണ് വിമാനത്താവളത്തിൽ സജ്ജമാക്കി നിർത്തിയിരുന്നത്. പ്രശ്നത്തിന്റെ കൃത്യമായ കാരണം കണ്ടെത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് നിർദേശം ലഭിച്ചിട്ടുണ്ട്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്നത് സന്തോഷം നൽകുന്ന വാർത്തയാണെന്നും, പ്രദേശത്ത് അടിയന്തര സേവനങ്ങൾ ഒരുക്കി നിർത്താൻ സാധിച്ചിരുന്നുവെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.















