ന്യൂഡൽഹി: 600 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ ഡൽഹിയിലും മുംബൈയിലും പരിശോധന ആരംഭിച്ച് ഇഡി. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പരിശോധന നടന്നത്. കേസിലെ പ്രതികളായ തുഷാർ ഗോയൽ, ഹിമാൻഷു കുമാർ, സിദ്ദിഖി, ഭരത് കുമാർ എന്നിവരുമായി ബന്ധമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടന്നത്.
റെയ്ഡിൽ, പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസിലെ മുഖ്യ സൂത്രധാരനാണ് തുഷാർ ഗോയൽ. ഇയാളുടെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ ഝന്ദേവാലൻ, ഗുരുഗ്രാം എന്നിവിടങ്ങളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തി. ദുബായ്, തായ്ലൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഒക്ടോബർ രണ്ടിനാണ് 600 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ നടത്തിയ പരിശോധനയിൽ 600 കിലോയിലധികം വിലമതിക്കുന്ന 562 കിലോ കൊക്കെയ്‌നും 40 കിലോ കഞ്ചാവുമാണ് പിടികൂടിയത്. തായ്ലൻഡിൽ നിന്നാണ് മയക്കുമരുന്ന് ഇന്ത്യയിലെത്തിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഡൽഹിയിൽ സംഘടിപ്പിക്കുന്ന റേവ് പാർട്ടികളിൽ മയക്കുമരുന്ന് വിൽക്കുന്നതിനായി സംഘം പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. അതേസമയം, ലഹരിക്കേസിലെ പ്രധാന പ്രതിയായ തുഷാർ ഗോയലിന് കോൺഗ്രസുമായി ബന്ധമുണ്ടെന്ന വാർത്തയും പുറത്തുവന്നിരുന്നു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.