തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായ വിശദീകരണം നൽകണമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ കൃത്യമായ വിശദീകരണം ലഭിക്കുന്നത് വരെ വിഷയം തുടർന്നും ഉന്നയിക്കാനാണ് ഗവർണറുടെ തീരുമാനം. രാഷ്‌ട്രപതിക്ക് റിപ്പോർട്ട് നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
താൻ ആവശ്യപ്പെട്ടിട്ടും രാജ്ഭവനിൽ എത്താത്ത ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്കെതിരെയും കടുത്ത നിലപാട് സ്വീകരിക്കാനുള്ള നീക്കത്തിലാണ് ഗവർണർ. ചീഫ് സെക്രട്ടറിയ്‌ക്കും ഡിജിപിക്കുമെതിരായ തുടർ നടപടികൾ ഗവർണർ പരിശോധിച്ചുവരികയാണ്. കേന്ദ്ര സർവീസ് നിയമ പ്രകാരമുള്ള നടപടി സാധ്യതകളാണ് ഗവർണർ പരിശോധിക്കുന്നത്.
രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ രാഷ്‌ട്രപതിക്ക് റിപ്പോർട്ട് നൽകേണ്ടത് തന്റെ കടമയാണെന്ന് ഗവർണർ ഇന്നലെ വ്യക്തമാക്കിയിരുന്നു. എല്ലാ കാര്യങ്ങളും രാഷ്‌ട്രപതിയെ രേഖാമൂലം അറിയിക്കും. മുഖ്യമന്ത്രി ഇപ്പോഴും എന്തോ ഒളിപ്പിച്ചുവച്ചാണ് വിശദീകരണം നൽകിയതെന്നും അദ്ദേഹത്തിന്റെ വിശദീകരണത്തെ കുറിച്ച് ഒന്നും മനസിലാകുന്നില്ലെന്നും ഗവർണർ വിമർശിച്ചു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളിൽ വിശദീകരണം നൽകുന്നതിനായി ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നാണ് ഗവർണർ നിർദേശിച്ചിരുന്നത്. എന്നാൽ ഇതിന് തയാറല്ലെന്ന് സർക്കാർ അറിയിക്കുകയായിരുന്നു. സർക്കാർ പലതും ഒളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അതിനാലാണ് ഉദ്യോഗസ്ഥരെ വിലക്കുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി. അതേസമയം, തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും അറിയിക്കേണ്ടതെല്ലാം അറിയിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.