മുംബൈ: RRR ലെ സഹനടനായിരുന്ന തെലുങ്ക് താരം രാം ചരണിനെകുറിച്ച് ഹൃദയസ്പർശിയായ കഥ പങ്കുവച്ച് നടി ആലിയ ഭട്ട്. മകൾ രാഹ കപൂറിന്റെ ജനനത്തിന് ശേഷം രാം ചരൺ ഒരു കാട്ടാനയെ മകളുടെ പേരിൽ ദത്തെടുത്തുവെന്നും റാഹയ്‌ക്ക് കളിക്കാനായി തടിയിൽ തീർത്ത ആനയുടെ കളിപ്പാട്ടം വീട്ടിലേക്ക് സമ്മാനമായി അയച്ചുവെന്നും ആലിയ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ജിഗ്‌റ യുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കവെയാണ് ആലിയ നടനെകുറിച്ചുള്ള രസകരമായ ഓർമ്മ പങ്കുവച്ചത്.
“അത് വളരെ രസകരമായൊരു കഥയാണ്. രാഹ ജനിച്ച് ഒരുമാസം കഴിഞ്ഞപ്പോൾ ഞാൻ ചെറുതായി നടക്കാനൊക്കെ തുടങ്ങി. ആ സമയത്ത് ആരോ വന്നു പറഞ്ഞു. മാഡം രാം ചരൺ സർ ഒരു ആനയെ കൊടുത്തുവിട്ടിട്ടുണ്ട്. ഞാൻ ഞെട്ടിപ്പോയി. എന്തും സംഭവിക്കാമെന്നുള്ള അവസ്ഥയിലായിരുന്നു ഞാൻ. എന്റെ വീടിനുള്ളിലേക്ക് ഒരു വലിയ ആനയാണ് വന്നിരിക്കുന്നത്,” ആലിയ പറഞ്ഞു.
എന്നാൽ അത് യഥാർത്ഥത്തിലുള്ള ആനയായിരുന്നില്ല. തടിയിൽ തീർത്ത ആനയുടെ കളിപ്പാട്ടം ആയിരുന്നു. ഞങ്ങൾ അതിന് ഏലി എന്ന് പേരിട്ടു. അഞ്ചാം നിലയിലെ ഞങ്ങളുടെ ഡൈനിങ് ടേബിളിന് സമീപമാണ് അത് വച്ചിരിക്കുന്നത്. രാഹ പലപ്പോഴും അതിന് മുകളിൽ കയറി കളിക്കാറുണ്ട്; ആലിയ പറഞ്ഞു.
വ്യത്യസ്ത ഷെഡ്യൂളുകൾ കാരണം RRR ന്റെ സെറ്റുകളിൽ രാം ചരണുമായി ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞിരുന്നില്ലന്നും എന്നാൽ ചിത്രത്തിന്റെ പ്രമോഷനുകൾക്കിടയിൽ തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായി മാറിയെന്നും ആലിയ പറഞ്ഞു. 2022 നവംബറിലാണ് ആലിയ-രൺബീർ താരദമ്പതികൾക്ക് രാഹ ജനിക്കുന്നത്.