തിരുവനന്തപുരം: ജീവിതത്തിൽ ആത്മീയതയെ ചേർത്തുപിടിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐഎഎസ്. സ്ത്രീകളെ ശാക്തീകരിക്കേണ്ട ആവശ്യം ഇന്നില്ലെന്നും അവർ ശക്തിയുളളവരാണെന്നും കളക്ടർ പറഞ്ഞു. പോത്തൻകോട് ശാന്തിഗിരി ഫെസ്റ്റിനോടനുബന്ധിച്ച് പെൺകുട്ടികളുടെ സംസ്കാരിക വിഭാഗമായ ഗുരുമഹിമ അന്താരാഷ്ട്ര ഗേൾസ് ഡേയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ.
“ജീവിതത്തിലെ യഥാർത്ഥ സന്തോഷത്തെ കണ്ടെത്തണമെങ്കിൽ ഭൗതിക സന്തോഷം മാത്രം പോര, അതിന് ആത്മീയതയെ കൂടി ചേർത്തുപിടിക്കണം. ശാന്തിഗിരി ആശ്രമത്തിലേക്ക് കടന്നുവന്നപ്പോൾ മനസിന് അതിയായ ശാന്തതയും സമാധാനവും അനുഭവപ്പെട്ടു. സന്ന്യാസിനിമാരെ കണ്ടപ്പോൾ അവരിൽ ഒരാളാകാൻ ആഗ്രഹം തോന്നി. സ്ത്രീകളെ ശാക്തീകരിക്കേണ്ട ആവശ്യം ഇന്നില്ല. കാരണം, അവർ ശക്തിയുള്ളവരാണ്. പെൺകുട്ടികൾ ജീവിക്കേണ്ട സാഹചര്യത്തെയും സമൂഹത്തെയുമാണ് ശക്തിപ്പെടുത്തേണ്ടതെന്നും” കളക്ടർ പറഞ്ഞു.
ആശ്രമത്തിലെ പ്രാർത്ഥനാലയവും താമര പർണശാലയും സഹകരണ മന്ദിരവും ഗുരുവിന്റെ ഉദ്യാനവും കളക്ടർ സന്ദർശിച്ചു. ഇന്ന് വൈകിട്ട് 3.30-നാണ് സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. ശശിതരൂർ എംപിയാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. സാഹിത്യോത്സവത്തിന് മുന്നോടിയായി ഗുരുധർമ പ്രകാശനസഭ അംഗങ്ങൾ ചേർന്ന് ഒ വി വിജയൻ സ്മൃതിവീഥിയിൽ മൺചിരാതുകളും തെളിയിച്ചു.