ന്യൂഡൽഹി: പ്രണയബന്ധത്തിന്റെ പേരിൽ മകളെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ അമ്മയെ കൊലപ്പെടുത്തി വാടകക്കൊലയാളി. ഉത്തർപ്രദേശിലെ ഏറ്റ ജില്ലയിലാണ് സിനിമയെ വെല്ലുന്ന കൊലപാതകം. കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് 42 കാരിയായ അൽക്ക യാദവിനെ കാണാതാകുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം ജസ്രത്പൂർ പൊലീസ് സ്‌റ്റേഷന് പരിധിയിലെ ഗോതമ്പ് പാടത്ത് ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കേസ് അന്വേഷിച്ച പൊലീസിന് മുൻപിൽ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വീടിനടുത്തുള്ള രണ്ട് പേർ മകളെ ശല്യം ചെയ്തിരുന്നതിനാൽ സുരക്ഷയ്‌ക്കായി അൽക്ക മകളെ മറ്റൊരു വീട്ടിലേക്ക് അൽക്ക മാറ്റിനിർത്തിയിരുന്നു. എന്നാൽ ഇവിടെവച്ച് 17 കാരിയായ മകൾ സുഭാഷ് എന്ന 32 കാരനുമായി പ്രണയത്തിലായി. മകളുടെ പ്രണയബന്ധം അൽക്കയെ വളരെയധികം പ്രയാസപ്പെടുത്തി. ഒടുവിൽ മകളെ കൊല്ലാൻ തീരുമാനിക്കുകയും ചെയ്തു.
ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയിൽ മോചിതനായ സുഭാഷിന് അവർ ക്വട്ടേഷൻ നൽകി. 50,000 രൂപയാണ് അൽക്ക സുഭാഷിന് വാഗ്ദാനം ചെയ്തത്. എന്നാൽ തന്റെ മകളുടെ കാമുകനാണ് ഇയാളെന്ന് അൽക്ക അറിഞ്ഞിരുന്നില്ല. അൽക്കയുടെ പദ്ധതി അറിഞ്ഞ സുഭാഷ് മകളെ വിവരമറിയിച്ചു.
ഇതറിഞ്ഞ മകൾ സുഭാഷിനോട് വിവാഹ അഭ്യർത്ഥന നടത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് ചേർന്ന് അൽക്കയെ കൊല്ലാൻ പദ്ധതിയിട്ടു. ഇവർ അൽക്കയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം ഗോതമ്പ് പാടത്ത് ഉപേക്ഷിച്ചു. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി മകളെയും വാടകക്കൊലയാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു.















