കെട്ടിട നിർമാണത്തിനിടെ ചുമര് ഇടിഞ്ഞ് വീണ് ഏഴ് താെഴിലാളികൾക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ മെഹ്സാനയിൽ ഇന്ന് ഉച്ചയ്‌ക്ക് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ പേർ കുടുങ്ങിക്കിടപ്പുണ്ടോയെന്ന് സംശയമുണ്ട്. ഭൂഗർഭ ടാങ്കിന് കുഴിയെടുക്കുന്നതിനിടെയാണ് ചുമര് നിലംപൊത്തിയത്.
ജില്ലാ ആസ്ഥാനത്ത് നിന്ന് 37 കിലോ മീറ്റർ അകലെ കാദി ടൗണിന് സമീപം ഒരു ഫാക്ടറിയിൽ പണിയെടുക്കുന്നതിനിടെയാണ് സംഭവം. ചുമര് ഇടിഞ്ഞതോടെ മണ്ണും കല്ലും തൊഴിലാളികൾക്ക് മേലെ വീണാണ് ഇവർ മരിച്ചത്. ആറുപേരുടെ മൃതദേഹം പുറത്തെടുത്തെന്നാണ് സൂചന.
സ്വകാര്യ കമ്പനിയുടെ കെട്ടിടമാണ് തകർന്നു വീണത്. ഉച്ചയ്‌ക്ക് 1.45-നാണ് സംഭവമെന്ന് ജില്ലാ വികസന ഓഫീസർ ഡോ. ഹസ്രത്ത് ജാസ്മിൻ പറഞ്ഞു. പത്തോളം പേർ കുടുങ്ങിയെന്നാണ് സംശയം. ഇതിൽ ഒരു 19-കാരനെ ജീവനോടെ പുറത്തെടുക്കാനായി. ഇനിയും രണ്ടുമൂന്ന് പേരെക്കൂടി പുറത്തെടുക്കാനുണ്ട്.