സെഞ്ചുറിയിൽ നവരാത്രി ആഘോഷിച്ച് സഞ്ജു സാംസൺ. 40 പന്തിലാണ് താരം ടി20യിലെ കന്നി സെഞ്ചുറി കടന്നത്. 11 ഫോറും 8 സിക്സും പറത്തിയ താരം 46 പന്തിൽ 111 റൺസുമായാണ് പുറത്തായത്. മുസ്താഫിസുർ റഹ്മാന്റെ പന്തിൽ സിക്സിന് ശ്രമിച്ചപ്പോഴാണ് താരത്തിന്റെ വിക്കറ്റ് നഷ്ടമായത്. പർവേസ് ആണ് ക്യാച്ചെടുത്തത്.
സഞ്ജുവിന്റെ കരിയറിലെ അതിവേഗ സെഞ്ചുറി നവരാത്രിയിൽ പിറഞ്ഞത്. ടി20യിലെ ഇന്ത്യക്കാരന്റെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയാണിത്. സഞ്ജുവിന് മുന്നിലുള്ളത് 35 പന്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമയാണ്. കഴിഞ്ഞ മത്സരത്തിൽ തന്നെ പുറത്താക്കിയ റിഷാദ് ഹൊസൈനെ അഞ്ചു തവണ സിക്സിന് പറത്തിയാണ് താരം സെഞ്ചുറിയിലേക്ക് കുതിച്ചത്. ഇന്നിംഗ്സിന്റെ പത്താം ഓവറിലാണ് താരം 30 റൺസ് നേടിയത്.
നേരത്തെ 22 പന്തിൽ 8 ഫോറും 2 കൂറ്റൻ സിക്സുമടക്കമാണ് താരം 50 കടന്നത്.. കരുതലോടെ തുടങ്ങിയ സഞ്ജു പിന്നീട് കത്തിക്കയറുന്നതാണ് കണ്ടത്. ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടി20യിൽ മലയാളി താരം നിരാശപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വിമർശനങ്ങളും ശക്തമായിരുന്നു. ഇതിനാണ് താരമിപ്പോൾ ബാറ്റുകൊണ്ട് മറുപടി നൽകിയത്. ഏഴോവറിൽ ഇന്ത്യ 100 റൺസ് കടന്നു. 4 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് നഷ്ടമായത്.14.4 ഓവറിൽ 206/3 എന്ന നിലയിലാണ് ഇന്ത്യ. 35 പന്തിൽ 75 റൺസെടുത്ത സൂര്യകുമാർ യാദവിന്റെ വിക്കറ്റാണ് ഒടുവിൽ നഷ്ടമായത്. 8 ഫോറും 5 കൂറ്റൻ സിക്സറുകളുമാണ് ക്യാപ്റ്റന്റെ ബാറ്റിൽ നിന്ന് പിറന്നത്.