കൊച്ചി: കേരള ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് (WCC). നിർമാതാക്കളുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നവർ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വനിതാ നിർമാതാവിന്റെ ആരോപണം ഗുരുതരമാണെന്ന് WCC ചൂണ്ടിക്കാട്ടി. ആരോപണവിധേയർ സംഘടനാസ്ഥാനങ്ങളിൽ നിന്ന് മാറാതെയാണ് അന്വേഷണം നേരിടുന്നത്. കുറ്റാരോപിതർക്കൊപ്പമാണ് സംഘടന എന്നതിന്റെ തെളിവാണിതെന്നും വനിതാ നിർമാതാവിന് പൂർണ പിന്തുണ നൽകിക്കൊണ്ട് WCC പറഞ്ഞു.
സംഘടനാ നേതാക്കളാണ് ആരോപണവിധേയർ. അവരിപ്പോഴും സംഘടനയുടെ തലപ്പത്തിരുന്ന് കേസ് കൈകാര്യം ചെയ്യുകയാണ്. ധാർമികമായ ഉത്തരവാദിത്വം പങ്കിട്ട് താത്കാലികമായി ചുമതല ഒഴിയാൻ പോലും ഇതുവരെ നേതാക്കൾ തയ്യാറായില്ല. മലയാള ചലച്ചിത്ര വ്യവസായത്തെ നയിക്കേണ്ടത് കൃത്യമായ പ്രൊഫഷണൽ മൂല്യങ്ങളാണ്. കാലഹരണപ്പെട്ട അധികാര സമവാക്യങ്ങൾക്കുള്ളിൽ സിനിമാ മേഖല തളച്ചിടപ്പെടരുത്.
മേഖലയിലെ ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയ വനിതാ നിർമ്മാതാവിന് പൂർണമായ ഐക്യദാർഢ്യം അറിയിക്കുന്നു. – WCC ഫെയ്സ്ബുക്കിൽ കുറിച്ചു.
പരാതിക്കാരിയായ നിർമാതാവിന്റെ സിനിമയുടെ തിയേറ്റർ വിതരണവുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു പരാതി നൽകിയിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം അപമാനിക്കുന്ന രീതിയിൽ സംസാരിച്ചെന്നാണ് പരാതി. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ഒമ്പത് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.