പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 133 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യയുടെ 297 റൺസ് പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് മാത്രമാണ് നേടാനായത്. ഇന്നിംഗ്സിന്റെ ആദ്യ പന്തിൽ പർവേസ് ഹൊസൈനെ മായങ്ക് യാദവ് പുറത്താക്കി.നാലാം ഓവറിൽ തൻസിദ് ഹസനെ(15) പുറത്താക്കി വാഷിംഗ്ടൺ സുന്ദർ ഇന്ത്യക്ക് മേൽക്കൈ നൽകി.
നജ്മുൾ ഹൊസൈൻ ഷാന്റോ(14), മഹമ്മദുള്ള(8), മെഹിദി ഹസൻ(3),റിഷാദ് ഹൊസൈൻ(0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ലിറ്റൺ ദാസ്(42) തൗഹിദ് ഹൃദോയ്(63) സഖ്യമാണ് ബംഗ്ലാദേശിന്റെ തോൽവി ഭാരം കുറച്ചത്. രവി ബിഷ്ണോയ്‌ക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. താരം ടി20യിൽ 50 വിക്കറ്റെന്ന നേട്ടവും കുറിച്ചു. സഞ്ജുവാണ് കളിയിലെ താരം. ഹാർദിക്കാണ് പരമ്പരയിലെ താരം.
ഇന്ത്യ നേടിയ 297 റൺസിൽ 232 ഉം പിറന്നത് ബൗണ്ടറിയിലൂടെയായിരുന്നു. ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ടി20 ടോട്ടലാണ് ഇന്ന് ഹൈദരാബാദിൽ പിറന്നത്. ടി20 ചരിത്രത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ. മംഗോളിയയ്‌ക്കെതിരെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് അടിച്ചുകൂട്ടിയ നേപ്പാളിന്റെ പേരിലാണ് ആദ്യ റെക്കോർഡ്. 47 ബൗണ്ടറികളാണ് ഇന്ത്യൻ ഇന്നിംഗ്സിൽ പിറന്നത്. 25 ഫോറും 25 സിക്സും. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന ടി20 സ്കോർ ആണ് ഇന്ന് സഞ്ജു നേടിയ 111. ടി20യിൽ ഇന്ത്യയുടെ തുടർച്ചയായ 10-ാം പരമ്പര വിജയമാണ്.