കൊച്ചി: വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാതെ പ്രവർത്തിക്കുന്ന മദ്രസകൾക്ക് ഫണ്ട് നൽകരുതെന്ന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വമേധയാ, സ്വകാര്യമായി മതപഠനം നടത്താൻ സ്വാതന്ത്ര്യമുളള നാടാണ് നമ്മുടേതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കുട്ടികളെ മദ്രസകളിൽ മാത്രമാണ് അയയ്‌ക്കുന്നത്. അതുകൊണ്ടു തന്നെ സാധാരണ പാഠ്യപദ്ധതി പഠിക്കാൻ അവർക്ക് അവസരം ലഭിക്കുന്നില്ല. മദ്രസകളെ അവിടെ എയ്ഡഡ് സ്‌കൂളുകളായിട്ടാണ് കാണുന്നത്. കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ആനുകൂല്യങ്ങൾ ധാരാളം ഇത്തരം മദ്രസകൾ കൈപ്പറ്റുന്നുമുണ്ട്. അത് അവസാനിപ്പിക്കണമെന്നേ പറഞ്ഞിട്ടുളളൂവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
രാജ്യത്ത് സ്വമേധയാ, സ്വകാര്യമായി മതപഠനം നടത്തുന്നതിനെ ഒരു സർക്കാരിനും എതിർക്കാൻ കഴിയില്ല. നമ്മുടെ ഭരണഘടന മതസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും മതവും പഠിക്കാനുളള അവസരം കൊടുക്കുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബാലാവകാശ കമ്മീഷൻ നിർദ്ദേശം ഉയർത്തിക്കാട്ടി കേന്ദ്രസർക്കാർ മതപരമായ വേർതിരിവ് കാട്ടുന്നുവെന്ന തരത്തിലാണ് കേരളത്തിലെ ടെലിവിഷൻ മാദ്ധ്യമങ്ങൾ വാർത്തകൾ പുറത്തുവിട്ടത്. വാർത്താസമ്മേളനത്തിനിടെ മാദ്ധ്യമങ്ങൾ ഇക്കാര്യം ചോദിച്ചപ്പോഴായിരുന്നു കെ സുരേന്ദ്രന്റെ വിശദീകരണം.
കേരളത്തിൽ സർക്കാർ സഹായം പറ്റുന്ന മദ്രസകൾ ഇല്ലെന്നാണ് മുസ്ലീം സമുദായ സംഘടനാ നേതാക്കൾ പറയുന്നത്.