ഷാർജ: വനിതാ ട്വന്റി -20 ലോകകപ്പിൽ ഓസീസിനോട് തോൽവി ഏറ്റുവാങ്ങി ഇന്ത്യ. 152 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർദ്ധസെഞ്ച്വറിക്കും കരകയറ്റാനായില്ല. ഓസീസിനോട് തോൽവി വഴങ്ങിയതോടെ അവശേഷിക്കുന്ന മത്സരഫലങ്ങളെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സെമി പ്രവേശം.
തിങ്കളാഴ്ച നടക്കുന്ന പാകിസ്താൻ – ന്യൂസിലാൻഡ് മത്സരം ഉൾപ്പെടെ ഇന്ത്യയ്‌ക്ക് നിർണായകമാകും. ഒൻപത് റൺസിനാണ് ഓസീസിനോട് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത്. 20 ഓവറിൽ ഇന്ത്യയുടെ പോരാട്ടം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസിലൊതുങ്ങി. അവസാന ഓവർ വരെ വിജയപ്രതീക്ഷയുണ്ടായിരുന്ന മത്സരമാണ് പടിക്കൽ കലമുടച്ചതുപോലെ കൈവിട്ടുകളഞ്ഞത്.
നാലാം ഓവറിൽ ഷഫാലി വർമയിലൂടെയാണ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 13 പന്തിൽ നിന്ന് 20 റൺസെടുത്ത ഷഫാലിയെ ഗാർഡ്‌നെറുടെ പന്തിൽ സതെർലാൻഡ് പിടികൂടുകയായിരുന്നു. ആറാം ഓവറിൽ സ്മൃതി മന്ഥാനയും എൽബിയിൽ കുരുങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. ഓസീസിന്റെ ബൗളിംഗ് നിരയ്‌ക്ക് വെല്ലുവിളി ഉയർത്തി സ്‌കോർ ബോർഡ് ചലിപ്പിക്കാനും ഇന്ത്യയ്‌ക്കായില്ല. സ്മൃതി മന്ഥാനയുടെ വിക്കറ്റ് നഷ്ടമാകുമ്പോൾ ഇന്ത്യൻ സ്‌കോർ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 എന്ന നിലയിലായിരുന്നു.
പിന്നീടെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ക്രീസിൽ ഉറച്ചുനിന്ന് പൊരുതിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. അടുത്ത ഓവറിൽ തന്നെ ജെമിമ റോഡ്രിഗസും പുറത്തായി. 16 റൺസാണ് ജെമിമയുടെ സംഭാവന. പിന്നീട് ക്രീസിൽ ഒരുമിച്ച ദീപ്തി ശർമ്മയുമായി ചേർന്ന് ക്യാപ്റ്റൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിജയത്തിലെത്തിയില്ല. പതിനാറാം ഓവറിൽ 29 റൺസെടുത്ത് ദീപ്തി പുറത്തായതിന് പിന്നാലെ എത്തിയ മധ്യനിരയ്‌ക്കും വാലറ്റത്തിനും അവസരത്തിനൊത്ത് ഉയരാൻ കഴിയാഞ്ഞതാണ് ഇന്ത്യയ്്ക്ക് തിരിച്ചടിയായത്.
പൂജാ വസ്ത്രാകറുടെ ഒൻപത് റൺസൊഴികെ ബാക്കിയാർക്കും ഒന്നും ചെയ്യാനായില്ല. മൂന്ന് പേർ റൺസൊന്നുമെടുക്കാതെ പുറത്തായി. ഓസീസിന് വേണ്ടി അന്നാബൽ സതർലൻഡും സോഫി മൊളീനക്‌സും രണ്ട് വിക്കറ്റുകൾ വീതം നേടി.
ടോസിന്റെ ആനുകൂല്യത്തിൽ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ വമ്പൻ സ്‌കോറിൽ നിന്ന് ഇന്ത്യൻ ബൗളർമാർ പിടിച്ചുകെട്ടിയിരുന്നു. 151 റൺസിൽ സ്‌കോർ ഒതുക്കാൻ കഴിഞ്ഞതോടെ ആ ആത്മവിശ്വാസത്തിലാണ് ഇന്ത്യ മറുപടിബാറ്റിംഗിന് ഇറങ്ങിയതും.
40 റൺസെടുത്ത ഗ്രേസ് ഹാരിസ് ആണ് ഓസീസ് നിരയിലെ ടോപ്പ് സ്‌കോറർ. ക്യാപ്റ്റൻ തഹ്ലിയ മക്ഗ്രാത്ത് 26 പന്തിൽ 32 റൺസും എല്ലിസി പെറി 23 പന്തിൽ 32 റൺസും എടുത്ത് മധ്യനിരയിൽ ഓസീസിനെ വീഴാതെ കാത്തു. അന്നബെൽ സതർലാൻഡ് 10 റൺസും ഫോബീ ലിച്ച്ഫീൽഡ് 15 റൺസും ഒടുവിൽ കൂട്ടിച്ചേർത്തതോടെയാണ് ഓസീസ് വനിതകളുടെ സ്‌കോർ 151 ലെത്തിയത്.
ഇന്ത്യയ്‌ക്ക് വേണ്ടി രേണുകാ സിംഗും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി. ശ്രേയങ്കാ പാട്ടീൽ, പൂജ വസ്ത്രാകർ, രാധാ യാദവ് എന്നിവരും ഓരോ വിക്കറ്റുകൾ വീതം വീഴ്‌ത്തി.