കോഴിക്കോട് : തമിഴ്നാട് സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ച സംഭവം കൊലപാതമെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതിയായ കരാർ ജീവനക്കാരൻ അനിൽ കുമാർ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ജനറൽ ടിക്കറ്റ് എടുത്ത് എസി കോച്ചിൽ കയറിയതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അനിൽ കുമാർ യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിടുന്നത് കണ്ടെന്ന യാത്രക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
തമിഴ്നാട് സ്വദേശിയായ ശരവണനാണ് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. കണ്ണൂരിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു യുവാവ്. ചെന്നൈയിലേക്ക് മടങ്ങാനായി ജനറൽ ടിക്കറ്റാണ് എടുത്തത്. കോഴിക്കോട് എത്തി കൊച്ചുവേളി സ്പെഷ്യൽ ട്രെയിനിൽ കയറി. എസി കമ്പാർട്ട്മെന്റിൽ കയറിയ ശരവണിനോട് ഇറങ്ങാൻ അനിൽ കുമാർ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് അനിൽ കുമാർ ശരവണനെ പിടിച്ചുതള്ളുകയായിരുന്നു.
ശരവണൻ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ശരവണിന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.