മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ പക്ഷം നേതാവുമായ ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിൽ കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. 28കാരനായ പ്രവീൺ ലോങ്കറാണ് അറസ്റ്റിലായത്. ബാബാ സിദ്ദിഖിനെ ആക്രമിക്കാൻ ഷൂട്ടർമാരെ എത്തിച്ചത് ഇയാളാണെന്നാണ് വിവരം. ഇന്നലെയാണ് പ്രവീണിനെ പൂനെയിൽ നിന്നും മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ധർമ്മരാജ് കശ്യപ്, ഷൂട്ടറായ ശിവകുമാർ ഗൗതം എന്നിവരെ കൊലപാതകം നടത്താനുള്ള പദ്ധതിയുടെ ഭാഗമാക്കിയത് ഇയാളാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുർമായിൽ സിങ്, ധർമ്മരാജ് കശ്യപ് എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി. ഇരുവരേയും ഈ മാസം 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായ ശിവകുമാർ ഗൗതം, മുഹമ്മദ് സിഷാൻ അക്തർ എന്നിവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുമയാണ്. മുഹമ്മദ് അക്തർ വഴിയാണ് ഗൗതമിന് കൊലപാതകത്തിനുള്ള നിർദേശം ലഭിക്കുന്നത്. കൊലപാതകം നടത്തുന്നതിനായി ഇവർക്ക് മൂന്ന് ലക്ഷം രൂപ മുൻകൂറായി ലഭിച്ചിരുന്നു. തുടർന്ന് വെടിവയ്‌ക്കുന്നതിനുള്ള തോക്കും ലഭിച്ചു. കൊലപാതകം നടത്തുന്നതിന് വേണ്ടി കഴിഞ്ഞ രണ്ട് മാസമായി ബാന്ദ്രയിൽ 14,000 രൂപ വാടക നൽകി അക്രമിസംഘം വീടെടുത്ത് താമസിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.















