അച്ഛനെയും അമ്മയെയും തന്നിൽ നിന്ന് അകറ്റാൻ മുൻ ഭർത്താവ് ശ്രമിച്ചുവെന്നും താൻ പാട്ട് പാടുന്നതിനോട് എപ്പോഴും വലിയ ദേഷ്യമായിരുന്നുവെന്നും ഗായിക വൈക്കം വിജയലക്ഷ്മി. വിവാഹബന്ധം വേർപ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കവേ ആയിരുന്നു വൈക്കം വിജയലക്ഷ്മി ഇക്കാര്യങ്ങൾ പറഞ്ഞത്. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വകാര്യ ജീവിതത്തെക്കുറിച്ച് ഗായിക മനസ് തുറന്നത്.
“എല്ലാത്തിനും ദേഷ്യപ്പെടുമായിരുന്നു. എന്റെ ദുഃഖം എന്താണെന്നോ, എന്റെ പ്രശ്നം എന്താണെന്നോ മനസിലാക്കാതെയാണ് എപ്പോഴും എന്നോട് പെരുമാറിയിരുന്നത്. വിവാഹം വരെ എനിക്ക് തണലായി നിന്നിരുന്ന അച്ഛനെയും അമ്മയെയും എന്നിൽ നിന്ന് അകറ്റാൻ അയാൾ നോക്കി. അവരെ മാത്രമല്ല, എല്ലാവരെയും എന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചു. പക്ഷേ, ഞാൻ അതിന് സമ്മതിച്ചില്ല”.
മനസിന് വിഷമം വന്നപ്പോൾ അത് സംഗീതത്തെയും ബാധിച്ചു. പാട്ട് പാടുന്നതും താളം കൊട്ടുന്നതുമൊക്കെ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. എന്ത് പറഞ്ഞാലും ദേഷ്യപ്പെടും.
നമ്മുടെ ജീവിതം ആർക്ക് മുന്നിലും അടിയറവ് വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് എനിക്ക് തോന്നി. ആർക്ക് മുന്നിലും കീഴടങ്ങേണ്ട ഒരാവശ്യവുമില്ല. അച്ഛന്റെയും അമ്മയുടെയും പ്രോത്സാഹനമാണ് എന്റെ ഏറ്റവും വലിയ പ്രേരണ. വിവാഹബന്ധം വേർപ്പെടുത്തിയപ്പോഴും അവർ എനിക്കൊപ്പമുണ്ടായിരുന്നു. നിന്റെ ജീവിതമാണ് നിനക്ക് തീരുമാനിക്കാമെന്നാണ് അവർ തന്നോട് പറഞ്ഞതെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു.
ടൊവിനോ തോമസ് നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ വിജയലക്ഷ്മി പാടിയ ‘അങ്ങ് വാന കോണിലെ’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിലെ പ്രതിസന്ധി കാലത്തെക്കുറിച്ച് വിജയലക്ഷ്മി പറഞ്ഞത്.















