തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുഖത്തെ തെരച്ചിലും ദുരിതബാധിതർക്കുള്ള സഹായങ്ങളും സർക്കാർ കൃത്യമായി നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് വിഷയത്തിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്തത്തിൽ ഉൾപ്പെട്ട 794 കുടുംബങ്ങളെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വാടകയ്‌ക്ക് താമസിപ്പിക്കാനുള്ള സൗകര്യം കണ്ടെത്തിയെന്നും പിന്നീട് ഇവരെ മാറ്റി താമസിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. 173 പേരുടെ ശവസംസ്‌കാര ചടങ്ങുകൾക്കായി 10,000 രൂപ വീതം കുടുംബങ്ങൾക്ക് നൽകി. പരിക്കേറ്റ് ചികിത്സയിൽ ഇരുന്നവർക്കും ധനസഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1013 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന സ്‌കൂളുകൾ താത്കാലികമായി തുറന്നു പ്രവർത്തിക്കുന്നുണ്ട്. 607 വിദ്യാർത്ഥികൾ നിലവിൽ സ്‌കൂളുകളിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ വയനാട് ടൗൺഷിപ്പിന്റെ മാസ്റ്റർ പ്ലാൻ അന്തിമമാക്കുന്നതോടെ പുനരധിവാസം വേഗത്തിലാക്കും. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതരായ 131 കുടുംബങ്ങൾക്കും ധനസഹായം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.