തിരുവനന്തപുരം: നടൻ ബൈജുവിനെതിരെ കൂടുതൽ പരാതികൾ പുറത്ത്. കഴിഞ്ഞ ഒരു വർഷമായി ബൈജുവിന്റെ ആഡംബര കാർ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേരളത്തിൽ ഓടിയതെന്നാണ് വിവരം. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഏഴ് തവണയാണ് ആർടിഒ നടന് പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസം ബൈജു ഓടിച്ചിരുന്ന കാർ അപകടത്തിൽപെട്ടിരുന്നു. ഇതിന്റ പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണം നടന്നത്.
ഹരിയാനയിൽ രജിസ്റ്റർ ചെയ്ത കാർ കേരളത്തിൽ ഓടിക്കാനുള്ള എൻഒസി ബൈജു ഹാജരാക്കിയിട്ടില്ല. റോഡ് നികുതി പോലും നടൻ ഇതുവരെ അടച്ചിട്ടില്ല. ഹരിയാനയിലെ ഗുരുഗ്രാമിലെ സെക്ടർ 49-ലെ താമസക്കാരൻ എന്ന മേൽവിലാസത്തിലാണ് ബൈജു കാർ വാങ്ങുന്നത്.
കാർ രണ്ട് ഉടമകളിൽ നിന്നും കൈമറിഞ്ഞ് 2023-ലാണ് ബൈജുവിന്റെ കൈയിലെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ബൈജുവിനെതിരെ ആർടിഒ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ നിരവധി നിയമലംഘനങ്ങളാണ് ബൈജുവിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ഹരിയാനയിൽ രജിസ്റ്റർ ചെയ്ത വാഹനം കേരളത്തിൽ കൊണ്ടുവരുമ്പോൾ ഹരിയാന മോട്ടോർ വാഹനവകുപ്പിന്റെ എൻഒസി ഹാജരാക്കണം. വാഹനം എത്തിച്ച് 30 ദിവസത്തിനുള്ളിൽ എൻഒസി ഹാജരാക്കണം എന്നാണ് നിയമം. എന്നാൽ ബൈജു ഇതുവരെ എൻഒസി ഹാജരാക്കിയിട്ടില്ല. കാറിന്റെ വിലയുടെ 15 ശതമാനം പ്രതിവർഷം വാഹന നികുതി അടയ്‌ക്കേണ്ടതുണ്ട്. എന്നാൽ ഒരു നയാ പൈസ പോലും ബൈജു അടച്ചിട്ടില്ലെന്നാണ് വിവരം.