ശ്രീനഗർ: ശൈത്യതകാലത്ത് ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സൈന്യത്തിന് ഹെലികോപ്റ്റർ സേവനം. സിവിൽ ഏവിയേഷൻ സേവനദാതാക്കളുമായി കരസേന കാരാറിൽ ഒപ്പുവച്ചു. ഒരു വർഷത്തേക്കാണ് കരാർ.
വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിലാകും പ്രധാനമായും ഇവ പ്രവർത്തിപ്പിക്കുക. ജമ്മു മേഖലയിലെ 16 വിദൂര പോസ്റ്റുകളിലും കശ്മീർ, ലഡാക്ക് മേഖലകളിലെ 28 പോസ്റ്റുകളിലും ലോജിസ്റ്റിക്സ് ആവശ്യങ്ങൾ നിറവേറ്റാൻ ഇവ പ്രാപ്തമാക്കും. ആദ്യമായാണ് കരസേന ഇത്തരമൊരു കരാറിലേർപ്പെടുന്നത്. ഉയർന്ന പ്രദേശങ്ങളിൽ അതിശൈത്യകാലത്തും സേവനങ്ങളെത്തിക്കുന്നതിലെ സേനയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്.
സിംഗിൾ എഞ്ചിൻ ഹെലികോപ്റ്ററുകളാകും മേഖലയിൽ പ്രവർത്തിക്കുക. നവംബർ മുതൽ ഏപ്രിൽ വരെയുള്ള ശൈത്യകാലത്ത് ജമ്മു കശ്മീരിലെയും ലഡാക്കിലെയും പ്രത്യേക സെക്ടറുകളായ ദ്രാസ്, കാർഗിൽ, ബട്ടാലിക്, ദോഡ, കിഷ്ത്വാർ, ഗുരേസ് എന്നിവിടങ്ങളിൽ ഈ ഹെലികോപ്റ്ററുകൾ പ്രവർത്തിക്കും.
ഭക്ഷണം, ഇന്ധനം, മരുന്നുകൾ, മറ്റ് അവശ്യ വസ്തുക്കുള്ഡ എന്നിവ ഹെലികോപ്റ്റർ വഴിയെത്തിക്കും. നിലവിൽ നോർത്തേൺ കമാൻഡിന് കീഴിലുള്ള പ്രദേശങ്ങളിലാകും ഇത് വിന്യസിക്കുക. ഭാവിയിൽ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് വിവരം.
അടിയന്തര സാഹചര്യങ്ങളിൽ നിർണായ പങ്ക് വഹിക്കുന്ന സൈനിക ഹെലികോപ്റ്ററുകളുടെ ആയുസ് വർദ്ധിപ്പിക്കാൻ കരാർ സഹായിക്കും. പ്രതിരോധ മേഖലയിലെ തന്ത്രപരമായ നീാക്കമാണ് ഇത്.















