ന്യൂഡൽഹി: 1099 രൂപയുടെ 4G ഫീച്ചർ ഫോണുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ. ജിയോഭാരത് ശ്രേണിയിലുളള പുതിയ രണ്ട് മോഡലുകളാണ് വിപണിയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ജിയോഭാരത് V2 ഫോണുകളുടെ വിജയത്തെ തുടർന്നാണ് ഈ ശ്രേണിയിൽ കൂടുതൽ ഫോണുകൾ അവതരിപ്പിക്കാൻ റിലയ്ൻസ് തയ്യാറായത്. 2 ജി ഉപഭോക്താക്കളായ നിരവധി പേരെ സാങ്കേതിക സംവിധാനത്തിന്റെ പുതിയ തലത്തിലേക്ക് കൊണ്ടുവരാൻ ഇതിലൂടെ സാധിക്കുമെന്ന വിലയിരുത്തലിലാണ് റിലയ്ൻസ്.
ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024 ൽ അവതരിപ്പിച്ച ജിയോ ഭാരത് V3,V4 ഫോണുകൾ മറ്റ് കമ്പനികളെ അപേക്ഷിച്ച് 40 ശതമാനം ലാഭം നൽകുന്നുവെന്നും റിലയൻസ് ജിയോ അവകാശപ്പെടുന്നു. അൺലിമിറ്റഡ് വോയിസ് കോളും 14 GB ഡാറ്റയും ഉൾപ്പെടെ 123 രൂപയുടെ പ്രതിമാസ റീചാർജ് പ്ലാനാണ് ജിയോ നൽകുന്നത്.
ഫോണുകളിൽ1000 mAh ബാറ്ററി ഉണ്ടായിരിക്കും. ഇത് ഉപയോക്താക്കൾക്ക് ദിവസം മുഴുവൻ തടസ്സമില്ലാത്ത സേവനം ആസ്വദിക്കാൻ സഹായിക്കും. 128GB സ്റ്റോറേജ് കപ്പാസിറ്റിയുള്ള ജിയോ ഭാരത് ഫോണുകളിൽ 23 ഇന്ത്യൻ ഭാഷകളും ലഭ്യമാണ്. V3 ,V4 എന്നീ രണ്ട് മോഡലുകളും ജിയോ ടിവി, ജിയോ സിനിമ, ജിയോ പേ, ജിയോ ചാറ്റ് തുടങ്ങിയ എക്സ്ക്ലൂസീവ് ജിയോ സേവനങ്ങളുടെ പാക്ക് സ്യൂട്ട് സഹിതമാണ് വരുന്നത്.
രണ്ട് മോഡലുകളും ഉടൻതന്നെ മൊബൈൽ കടകളിലും ജിയോ മാർട്ടിലും ആമസോണിലും ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെ 2024 ലെ വാർഷിക റിപ്പോർട്ട് അവതരണത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ അവതരിപ്പിച്ച കീപാഡ് സ്മാർട്ട് ഫോണായ ജിയോ ഭാരത് 1000 രൂപക്ക് താഴെയുള്ള ഫോണുകളുടെ വിഭാഗത്തിൽ ഇതിനകം 50 ശതമാനം വിപണി വിഹിതം നേടിയിരുന്നു.