തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നവീൻ ബാബു റവന്യൂ കുടുംബത്തിലെ ഒരംഗമായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ പരാതികൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മരണത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
” നടന്നത് ദൗർഭാഗ്യകരമായ സംഭവമാണ്. നവീൻ ബാബുവിന്റെ മരണത്തിൽ അതീവ ദുഖമുണ്ട്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തും. സത്യസന്ധനായ ഉദ്യോഗസ്ഥനെയാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. അദ്ദേഹത്തിനെതിരായി പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. കളക്ടറുടെ റിപ്പോർട്ട് വേഗതയിൽ ലഭ്യമാക്കും. നവീൻ ബാബുവിന്റെ മരണത്തിലും അതിലേക്ക് നയിച്ച കാരണങ്ങളിലേക്കും സമഗ്രമായ അന്വേഷണം ആവശ്യമാണ്.”- കെ രാജൻ പറഞ്ഞു. ജനപ്രതിനിധികൾ, ഇടപെടലുകളിൽ പക്വത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. യാത്രയയപ്പ് ചടങ്ങിൽ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും പി പി ദിവ്യ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം ആവശ്യമാണെന്നും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ പ്രതികരിച്ചിരുന്നു. എന്നാൽ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാണ് ബിജെപിയും കോൺഗ്രസും ആവശ്യപ്പെടുന്നത്.
കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെ ഇന്ന് രാവിലെയാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നാലെയായിരുന്നു മരണം.















