ന്യൂഡൽഹി: ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ 5G വിപണിയായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് 5G വിജയകരമായി അവതരിപ്പിച്ചതിന് ശേഷം 6G യിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ ദശകത്തിൽ ഇറക്കുമതിക്കാരായിരുന്നുവെങ്കിൽ ഇന്ന് മൊബൈൽ ഫോണുകളുടെ കയറ്റുമതിക്കാരായി ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
“വെറും പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ സ്ഥാപിച്ച ഒപ്റ്റിക്കൽ ഫൈബറിന്റെ നീളം ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ എട്ടിരട്ടിയാണ്. ഇന്ത്യയുടെ വികസന വേഗതയ്‌ക്ക് മറ്റൊരു ഉദാഹരണം പറയാം. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇതേ മൊബൈൽ കോൺഗ്രസിൽവച്ചാണ് നമ്മൾ 5G അവതരിപ്പിച്ചത്. ഇന്ന് ഇന്ത്യയിലെ മിക്കവാറും എല്ലാ ജില്ലകളിലും 5G സേവനം ലഭ്യമാണ്. ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ 5G വിപണിയായി മാറിക്കഴിഞ്ഞു. ഇപ്പോൾ 6G സാങ്കേതിക വിദ്യയിലേക്ക് മാറാനും പ്രവർത്തനങ്ങൾ ആരംഭിച്ചു” പ്രധാനമന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യയുടെ ധാർമികമായ ഉപയോഗത്തിനായി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ആഗോള ഡിജിറ്റൽ ചട്ടക്കൂട് രൂപപ്പെടുത്തേണ്ടതുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ ലോകത്തിലും നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷ, മാന്യത, തുല്യത എന്നിവയിൽ അധിഷ്ഠിതമായ AI യുടെ ഉപയോഗത്തിന് മോദി ഊന്നൽ നൽകി.