ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മഴ മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈയിലെയും തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ മഴ അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഡിപ്പാർട്ട്‌മെന്റുകൾ മാത്രമായിരിക്കും ഈ ജില്ലകളിൽ ഇന്ന് പ്രവർത്തിക്കുകയെന്ന് സർക്കാർ അറിയിച്ചു. ചെന്നൈയിലും ആന്ധ്രയുടെ തെക്കൻ തീരത്ത് പുതുച്ചേരിക്കും നെല്ലൂരിനും ഇടയിലും കനത്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച രാവിലെ വരെ മഴ തുടരുമെന്നും കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കി.
ബംഗാൾ ഉൾക്കടലിലിന്റെ തെക്ക് പടിഞ്ഞാറ് രൂപം കൊണ്ട ന്യൂനമർദ്ദമാണ് കനത്ത മഴയ്‌ക്ക് വഴിവെച്ചത്. നാളെ രാവിലെയോടെ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിലിന്റെ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങി ദുർബ്ബലമാകുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഇന്നലെ മുതൽ ചെന്നൈയുടെ പല ഭാഗങ്ങളിലും കനത്ത മഴയാണ്.
ട്രെയിൻ ഗതാഗതവും ബസ് സർവ്വീസും വിമാനസർവ്വീസുകളും തടസപ്പെട്ടു. ട്രാക്കുകളിലെ വെളളക്കെട്ടിനെ തുടർന്ന് എക്‌സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടെ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. വ്യാസർപാടി, ബേസിൻ ബ്രിഡ്ജ് സെക്ഷനുകൾക്ക് കീഴിൽ വരുന്ന ഭാഗങ്ങളിലെ ട്രാക്കുകളിലാണ് വലിയ തോതിൽ വെളളക്കെട്ട് രൂപപ്പെട്ടത്.
ചെന്നൈയിൽ നിന്നും മംഗലൂരു, തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കുളള ട്രെയിനുകൾ പെരമ്പൂർ, മദ്രാസ് ബീച്ച്, അവാഡി സ്റ്റേഷനുകളിൽ നിന്നാണ് യാത്ര പുറപ്പെട്ടത്. യാത്രക്കാരെയും ഇത് വലച്ചു. ചെന്നൈ സെൻട്രലിലേക്ക് വന്ന ട്രെയിനുകൾ ചിലത് അവാഡിയിലും മറ്റും യാത്രക്കാരെ ഇറക്കി വഴി തിരിച്ചുവിടുകയും ചെയ്തു. വടപളനി മേഖലയിലുൾപ്പെടെ റോഡിലെ വെളളക്കെട്ട് മൂലം ബസ് ഗതാഗതം വഴിതിരിച്ചുവിടേണ്ടി വന്നു.
ഗതാഗതം തടസപ്പെടുന്ന രീതിയിൽ റോഡുകളിൽ ഇന്നലെ വൈകിട്ടോടെ വലിയ വെളളക്കെട്ടായിരുന്നു രൂപപ്പെട്ടത്. റോഡിന്റെ വശങ്ങളിലേക്ക് ചേർന്നുളള വീടുകളിലേക്കും വെളളം ഇറങ്ങുന്ന സ്ഥിതിയായിരുന്നു.